പിഐപി കനാലിലെ ചോർച്ച : കർഷകർ ആശങ്കയിൽ
1477905
Sunday, November 10, 2024 5:16 AM IST
ചെങ്ങന്നൂർ: പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ (പിഐപി) കനാലുകളിലെ ചോർച്ച പരിഹരിക്കാൻ ഫണ്ട് അനുവദിക്കാത്തതിനാൽ അറ്റകുറ്റപ്പണികൾ നടക്കില്ല. കനാലുകളിൽ കാടുവെട്ടിത്തെളിക്കൽ മാത്രമേ ഈ വർഷം നടക്കൂ. രണ്ടാഴ്ചയ്ക്കുള്ളിൽ വെട്ടിത്തെളിക്കൽ ജോലികൾ തുടങ്ങും. ഈ വർഷം കനാലുകൾ മാത്രമല്ല കനാൽ ബണ്ടുകളിലെയും കാട് വെട്ടിമാറ്റണമെന്നാണ് നിർദേശം.
കർഷകരുടെ പരാതി
കനാലുകളിലെ ചോർച്ച മൂലം വേനൽക്കാലത്ത് കൃഷി നശിക്കുന്നത് പതിവായിട്ടുണ്ട്. കർഷകർ നിരവധിത്തവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് കർഷകർ പറയുന്നു.
നേരത്തേ മൂന്നരക്കോടിയുടെ നവീകരണപദ്ധതി പിഐപി തയാറാക്കിയെങ്കിലും അംഗീകാരം ലഭിച്ചില്ല. എംഎൽഎയുടെ പ്രത്യേക പദ്ധതിയിൽ ചെങ്ങന്നൂരിലുള്ള കനാലുകൾ നവീകരിച്ചതിനാൽ കഴിഞ്ഞവർഷം തിരുവൻവണ്ടൂർ മേഖലയിൽ വെള്ളം സമൃദ്ധമായി ലഭിച്ചിരുന്നു.
എന്നാൽ പുനരുദ്ധാരണം നടക്കാത്തതിനാൽ ചെറിയനാട് പഞ്ചായത്തിലെ പെരുമ്പ പാടശേഖരത്തിൽ കനാലിലെ ചോർച്ച മൂലം പത്തേക്കറിലെ കൃഷി നശിച്ചിരുന്നു. ശക്തമായ മഴയും കൃഷിനാശത്തിനു കാരണമായി. കൃഷിനാശത്തിന്റെ നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ലെന്നു പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു.
ചോർച്ച പരിഹരിക്കാൻ കനാലുകൾ കോൺക്രീറ്റ് ചെയ്ത് ബലവത്താക്കണമെന്നാണ് പാടശേഖരസമിതിയുടെ ആവശ്യം. നെടുവരംകോട് അക്വഡേറ്റ് മുതൽ ഇടമുറിവരെ മെയിൻ കനാലിൽ ചോർച്ച ശക്തമാണ്. നേരത്തേ മൂന്നരക്കോടിയുടെ നവീകരണപദ്ധതി പിഐപി തയാറാക്കിയെങ്കിലും അംഗീകാരം ലഭിച്ചില്ല.
കർഷകർക്കു മടി
കനാലുകളിലെ അനിശ്ചിതത്വം കാരണം കർഷകർ വിതയ്ക്കാൻ മടിക്കുന്നു. വേനൽക്കാലത്ത് നെൽക്കൃഷിയും മറ്റു കരക്കൃഷികളും കനാൽ വെള്ളത്തെ ആശ്രയിച്ചാണു നിൽക്കുന്നത്. എന്നാൽ, കനാലുകളിലൂടെ ഒഴുക്കിവിടുന്ന വെള്ളമത്രയും ചോർച്ചമൂലം പാടശേഖരങ്ങളിലെത്തുന്നില്ല.
ഇതുമൂലം ആവശ്യത്തിനു വെള്ളംകിട്ടാതെ കൃഷി കരിഞ്ഞുണങ്ങിപോകുന്നതിനും കാരണമാകുന്നു. എല്ലാവർഷവും കർഷകർ കൃഷിപ്പണികൾ തുടങ്ങുമ്പോൾത്തന്നെ കനാലുകളിലെ ചോർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെടാറുണ്ടങ്കിലും യാതൊരുവിധ ഫലവുമില്ലന്ന് കർഷകർ പറയുന്നു.
കാലാവസ്ഥാ പ്രവചനം അനിശ്ചിതത്വത്തിലായതിനാൽ തുലാമഴയ്ക്കു ശേഷം വിതയ്ക്കാൻ പദ്ധതിയിടുന്നു. കനാലുകൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുകയും വേണമെന്നാണ് കർഷകരുടെ ആവശ്യം. 2026-ൽ കനാലുകൾ മുഴുവൻ നവീകരിക്കമെന്നുള്ള അധികൃതരുടെ വാഗ്ദാനത്തിൽ കർഷകർക്ക് വിശ്വാസമില്ല.