പ്രതിനിധികളും കൗൺസിലർമാരും വാക്കേറ്റത്തിൽ; സ്കൂള്‍ കലോത്സവ യോഗം അലങ്കോലമായി
1467370
Friday, November 8, 2024 4:54 AM IST
കായംകുളം: 26 മുതൽ 29 വരെ കായംകുളത്ത് നടത്താന്‍ നിശ്ചയിച്ച റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം അലങ്കോലമായി. നഗരസഭ കൗൺസിലർമാരും അധ്യാപക സംഘടന പ്രതിനിധികളും തമ്മിൽ ഉണ്ടായ രൂക്ഷമായ വാക്കേറ്റത്തെ തുടർന്നാണ് യോഗം അലങ്കോലമായത്.
സ്വാഗത സംഘത്തിന്റെ മാനുവൽ പ്രകാരം വിവിധ സബ് കമ്മിറ്റികളുടെ കൺവീനർ സ്ഥാനം അധ്യാപക സംഘടനാ പ്രതിനിധികൾക്കും ചെയർമാൻ സ്ഥാനം ജനപ്രതിനിധികൾക്കുമാണ്. എന്നാൽ, നഗരസഭാ ചെയർപേഴ്സൺ പി. ശശികല വിവിധ സബ് കമ്മിറ്റികളുടെ ചെയർമാനായി പരിഗണിക്കേണ്ടവരുടെ ലിസ്റ്റ് മുൻകൂട്ടി തയാറാക്കി കൊണ്ടുവരികയും ഇവരെ മാത്രമേ പരിഗണിക്കാൻ പറ്റൂവെന്ന് യോഗത്തിൽ അറിയിക്കുകയും ചെയ്തു.
എന്നാൽ, ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും രാഷ്ട്രീയ പ്രാതിനിധ്യവും അധ്യാപക സംഘടന പ്രാതിനിധ്യവും പാലിക്കണമെന്ന് അധ്യാപക സംഘടന പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് കൗൺസിലർമാരും അധ്യാപക സംഘടന പ്രതിനിധികളും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായത്.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ ഉൾപ്പടെ പലരെയും അംഗങ്ങളായി ഒതുക്കിയപ്പോൾ നഗരസഭ ചെയർപേഴ്സണെ അനുകൂലിക്കുന്നവരെ മാത്രം പരിഗണിച്ചുള്ള ലിസ്റ്റാണ് യോഗത്തിൽ കൊണ്ടുവന്നതെന്ന ആക്ഷേപവും ഉയർന്നു. ഇന്നലെ രാവിലെ പതിനൊന്നിന് കായംകുളം ഗവ. ബോയ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു യോഗം.
നഗരസഭാ കൗണ്‍സിലര്‍മാരും അധ്യാപക സംഘടനാ പ്രതിനിധികളും ചേരിതിരിഞ്ഞ് നടത്തിയ വാക്കുതര്‍ക്കം സംഘര്‍ഷത്തിന്റെ വക്കോളമെത്തി. നഗരസഭയിലെ കോണ്‍ഗ്രസ് അംഗം എ.പി. ഷാജഹാനെ ഫുഡ് കമ്മിറ്റി ചെയര്മാനാക്കിയതിനെതിരെയും പ്രതിഷേധം ഉണ്ടായി. പിന്നീട് എ.പി. ഷാജഹാനെ ചെയര്മാന് സ്ഥാനത്ത് നിന്നു നീക്കിയതായി ഡിഡിഇ അറിയിച്ചു. സ്വാഗതസംഘ യോഗത്തില്‍ എത്തിയ യുഡിഎഫ് പ്രതിനിധികളും കൗണ്‍സിലര്‍മാരും ഇതിനെതിരെ രംഗത്തെത്തി.
സിപിഎമ്മിലെ വിഭാഗീയതയെത്തുടർന്ന് യോഗം അലങ്കോലമാക്കിയതായും ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം കായംകുളത്ത് നടന്ന ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടന യോഗം എൽഡിഎഫ് നഗരസഭാ ചെയർപേഴ്സൺ പി. ശശികല ബഹിഷ്കരിച്ചിരുന്നു.
വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും പ്രോട്ടോക്കോൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അവർ ബഹിഷ്ക്കരിച്ചത്. സിപിഎം എംഎൽഎ യു. പ്രതിഭയും നഗരസഭാ ചെയർപേഴ്സൺ പി. ശശികലയും തമ്മിലുള്ള അഭിപ്രായഭിന്നത ആണ് പ്രശ്നങ്ങൾക്കു പിന്നിലെന്നും ആക്ഷേപമണ്ട്.
കായംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ പി. ശശികലയുടെ അധ്യക്ഷതയിലാണ് ഇന്നലെ സ്വാഗതസംഘ യോഗം ആരംഭിച്ചത്. യു. പ്രതിഭ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. എസ്. ശ്രീലതയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ബഹളത്തെത്തുടർന്ന് എംഎൽഎ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് യോഗം അവസാനിപ്പിച്ച് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരും മടങ്ങി. സ്വാഗതസംഘ യോഗത്തിൽ പ്രഖ്യാപിച്ച കമ്മിറ്റികൾ റദ്ദ് ചെയ്തതായും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.എസ്. ശ്രീലത അറിയിച്ചു.
കലോത്സവം മാറ്റിയേക്കും; ഇന്നു തീരുമാനം
കായംകുളം: റവന്യു ജില്ലാ സ്കൂൾ കലോത്സവം കായംകുളത്തുനിന്നു മാറ്റിയേക്കുമെന്ന് സൂചന. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. എസ്. ശ്രീലത അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.
യോഗത്തിന് ശേഷമേ റവന്യു ജില്ലാ കലോത്സവത്തിന്റെ വേദി ഒരുക്കുന്ന സ്ഥലം സംബന്ധിച്ച് അന്തിമരൂപം ഉണ്ടാവൂ. ജില്ലാ കലോത്സവം കായംകുളത്തുനിന്ന് മാറ്റിയാൽ മാവേലിക്കരയോ ഹരിപ്പാടോ ജില്ലാ കലോത്സവത്തിന് വേദിയാകാനാണ് സാധ്യത.