മത്തിവില കുത്തനെ താഴോട്ട്; തീരവും വള്ളമുടമകളും ആശങ്കയിൽ
1467362
Friday, November 8, 2024 4:54 AM IST
അന്പലപ്പുഴ: ചാകരയിൽ വില്ലനായിരുന്ന മത്തിയുടെ വില കുത്തനെ താഴോട്ട് ഇടിഞ്ഞതോടെ ജില്ലയുടെ തീരത്തെ മൽസ്യത്തൊഴിലാളികളും വള്ളമുടമകളും ആശങ്കയിൽ. ചാകരയുടെ തുടക്കത്തിൽ മത്തിയുടെ മൊത്തവില കിലോക്ക് 300 രൂപ വരെ എത്തിയിരുന്നു.
ചെറുകിട കച്ചവടക്കാർ പൊതുവിപണിയിൽ 400 നാണ് വിറ്റത്. മത്തിയെ തൊട്ടാൽ പൊള്ളുന്നവസ്ഥയായി. നവ മാധ്യമങ്ങളിലും മത്തി സ്ഥാനം പിടിച്ചിരുന്നു. എന്നാൽ ട്രോളിംഗ് നിരോധനത്തിനു ശേഷം ബോട്ടുകൾ കടലിലിറക്കുകയും മംഗലാപുരം, ഗോവ കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ മൽസ്യം കേരള വിപണിയിൽ എത്തിയതോടെയാണ് മത്തിയുടെ വില താഴ്ന്നത്.
മൊത്തവില നൂറിൽ താഴെ
തോട്ടപ്പള്ളി, കായംകുളം, ചെത്തി, തൈക്കൽ, അർത്തുങ്കൽ, ചെല്ലാനം ചന്തക്കടവുകളിൽ വലിയ മത്തി മൊത്തവില നൂറിൽ താഴെയായി. ഇടത്തരം വലുപ്പമുള്ളത് കഴിഞ്ഞ ദിവസങ്ങളിൽ കിലോ 40 രൂപയ്ക്കാണ് തൂക്കിയത്. അതേസമയം കടലിലെ അധ്വാനത്തിനു ശേഷം വൈകിയെത്തുന്ന വള്ളങ്ങളിലെ മീനിന് ഈ വിലപോലും കിട്ടാറില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.
ലെയ്ലാൻഡ്, ബീഞ്ച്, ഡിസ്കോ , നീട്ടുവല ഇനത്തിൽപ്പെട്ട യാനങ്ങളാണ് തീരത്തു നിന്ന് കൂടുതലായും കടലിൽ പോകുന്നത്. കൂടാതെ ഒരാൾ മാത്രം പണിയെടുക്കുന്ന നൂറുകണക്കിനു പൊന്തുകളുമുണ്ട്. ഇതിൽ ചെറുവള്ളങ്ങൾ മൽസ്യബന്ധനം കഴിഞ്ഞു കരയണയുമ്പോൾ 5000 രൂപയോളം ഇന്ധനചെലവു വരും.
ഡീസലും പെട്രോളും
ലെയ്ലാൻഡ് പോലുള്ള കൂറ്റൻ ഇൻബോർഡ് വള്ളങ്ങൾക്കും ഇവയുടെ കാരിയറിനുമായിട്ട് 20,000 രൂപയ്ക്കു മേൽ ഡീസലും പെട്രോളും വേണം. പിടിച്ചുകൊണ്ടുവരുന്ന മൽസ്യത്തിന് ന്യായവില കിട്ടിയില്ലെങ്കിൽ കടബാധ്യത മാത്രമാണ് മിച്ചം.
മത്തിവില തീരെ ഇടിഞ്ഞത് പൊന്തുവലക്കാരെയാണ് കൂടുതൽ ബാധിച്ചിരിക്കുന്നത്. യന്ത്രസഹായമില്ലാതെ കിലോമീറ്റർ തുഴഞ്ഞാണ് ഇവർ കരയെത്തുന്നത്. ഈ സമയം മൊത്തവ്യാപാരം അവസാനിച്ചിരിക്കും.
തുടർന്നു വല റോഡിലെത്തിച്ചു മീൻ കഴിച്ചു കിട്ടുന്ന വിലയ്ക്കു കൊടുക്കേണ്ട ഗതികേടിലാണ്. ഇടനിലക്കാരുടെ ചൂഷണവും ഈ മേഖലയുടെ പ്രതീക്ഷ കെടുത്തിയിതായി പൊന്തുവലക്കാർ പറയുന്നു.