ദേശീയ ജലപാത വികസനം: കായംകുളം കായലിൽ ആഴം കൂട്ടും
1477909
Sunday, November 10, 2024 5:16 AM IST
കായംകുളം: ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി കൊല്ലം- കോട്ടപ്പുറം ജലപാത യിൽ കായംകുളം ഭാഗത്ത് കായലിന് ആഴം കൂട്ടുന്ന ജോലി ഉടൻ ആരംഭിക്കും . കായംകുളം കനാൽ വഴിയുള്ള ബോട്ട് യാത്ര സുഗമമാക്കാൻ വേണ്ടിയാണ് കായംകുളം, മുതുകുളം പ്രദേശത്ത് കായലിന് ആഴം കൂട്ടുന്നത്.
ആഴം കൂട്ടേണ്ട ഭാഗം കൃത്യമായി തിട്ടപ്പെടുത്താനുള്ള സർവേ ഉടൻ നടത്തും. കൊല്ലം ജില്ലയിലെ ഇടപ്പള്ളിക്കോട്ടയിലും ആഴം കൂട്ടുന്ന ജോലി ഉടൻ ആരംഭിക്കും. ഉൾനാടൻ ജലഗതാഗത വകുപ്പാണ് ദേശീയ ജലപാത വികസിപ്പിക്കുന്നത്.
ജില്ലയിൽ ദേശീയ ജലപാത -3 ൽ മുതുകുളം-കായംകുളം ഭാഗം ഒഴികെ മിക്കയിടത്തും ആവശ്യത്തിന് ആഴമുണ്ട്. ഓരോ പ്രദേശത്തെയും ഏറ്റവും താഴ്ന്ന ജലനിരപ്പിൽ നിന്ന് 2.2 മീറ്റർ ആഴമാണ് ദേശീയ ജലപാതയ്ക്കു വേണ്ടത്. 1.8 മീറ്റർ വരെ താഴ്ചയുള്ള യാനങ്ങൾക്ക് സുഗമമായ സഞ്ചാരപാത ഒരുക്കുകയാണ് ലക്ഷ്യം. ഓരോ വർഷവും നിശ്ചിത സ്ഥലങ്ങളിൽ ആഴം കൂട്ടിയും സംരക്ഷണഭിത്തി കെട്ടിയും ജലപാത പൂർത്തിയാക്കാനാണ് പദ്ധതി.
തൃക്കുന്നപ്പുഴയ്ക്ക് വടക്ക് കുമാരകോടിയിൽ 400 മീറ്റർ നീളത്തിൽ കായലിനു സംരക്ഷണഭിത്തി കെട്ടുന്ന ജോലി ഇപ്പോൾ പുരോഗമിക്കുകയാണ്. കായലിന്റെ പടിഞ്ഞാറ് ഭാഗത്താണിത്. കിഴക്കുവശത്ത് സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ട്. ആലപ്പുഴ- ചങ്ങനാശേരി ദേശീയ ജലപാത-8 ൽ വടക്കൻ വെളിയനാട്ടും ആലപ്പുഴ- കോട്ടയം ദേശീയ ജലപാത- 9ൽ പള്ളത്തും 300 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി കെട്ടുന്നുണ്ട്.
ദേശീയ ജലപാതയിൽ ഇരുകരകളും തമ്മിൽ 70 മീറ്ററിൽ താഴെ മാത്രം വീതിയുള്ളതും തീരം ഇടിയുന്നതുമായ സ്ഥലങ്ങളിലാണ് സംരക്ഷണ ഭിത്തി കെട്ടുന്നത്. ഭൂവുടമകളിൽ നിന്നുള്ള അപേക്ഷകളും ഇതിനായി പരിഗണിക്കും. വലിയ കരിങ്കല്ലുകളും കോൺക്രീറ്റും ഉപയോഗിച്ചാണ് ഭിത്തി കെട്ടുന്നത്. ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി തൃക്കുന്നപ്പുഴ പാലത്തിന്റെ പുനർനിർമാണം നടക്കുകയാണ്. 38 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
2025 ഡിസംബറിൽ നിർമാണം പൂർത്തിയാകും. കാൽനട യാത്രികർക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നു പോകാൻ സമീപത്തായി താത്ക്കാലിക ഇരുമ്പുപാലം നിർമിച്ചിട്ടുണ്ട്. കായലിന്റെ ആഴം കൂട്ടലും തൃക്കുന്നപ്പുഴ പാലവും പൂർത്തിയാകുന്നതോടെ കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചു ബോട്ട്സർവീസ് ആരംഭിക്കാൻ കഴിയും. മുമ്പ് യാത്രാ ബോട്ടുകൾ ഉൾപ്പെടെ സർവീസ് നടത്തിയിരുന്നെങ്കിലും കോവിഡ് കാലത്ത് നിലയ്ക്കുകയായിരുന്നു.