സ്കൂൾ കലോത്സവം കായംകുളത്തുനിന്ന് മാറ്റണം: അധ്യാപക സംഘടനകൾ
1477911
Sunday, November 10, 2024 5:16 AM IST
കായംകുളം: റവന്യു ജില്ലാ സ്കൂൾ കലോത്സവം കായംകുളത്തു നിന്ന് മാറ്റണമെന്ന് വിവിധ അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ കായംകുളം നഗരസഭാ ചെയർപേഴ്സന്റെ നേതൃത്വത്തിൽ തരംതാണ ഏകപക്ഷീയ തീരുമാനങ്ങളുണ്ടാക്കി അധ്യാപക സംഘടനകളെ വിശ്വാസത്തിലെടുക്കാതെ കുട്ടികളുടെ മേളയെ ഹൈജാക്ക് ചെയ്യാനുള്ള സമീപനമാണുണ്ടായതെന്ന് അധ്യാപക സംഘടനകൾ ആരോപിച്ചു.
മുനിസിപ്പൽ കൗൺസിലർമാരും അധ്യാപക സംഘടനാ പ്രതിനിധികളും തമ്മിൽ നടന്ന തർക്കവും വാഗ്വാദവും മാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഈ സാഹചര്യത്തിൽ സമാധാനപൂർവമായ കലാമേള നടത്താൻ കായംകുളം മുനിസിപ്പൽ കൗൺസിലിന് കഴിയില്ല. എല്ലാ അധ്യാപക സംഘടനകളെയും ഇത് ആശങ്കപ്പെടുത്തുന്നതായും സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
അതിനാൽ കലോത്സവം ഉചിതമായ മറ്റൊരു സ്ഥലത്തേക്കു മാറ്റണമെന്നും അധ്യാപക സംഘടനാ നേതാക്കൾക്കെതിരേ കായംകുളം മുനിസിപ്പൽ കൗൺസിൽ പാസാക്കിയ പ്രമേയം പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സ്വാഗതസംഘം രൂപീകരണ യോഗത്തിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ വിവിധ അധ്യാപക സംഘടനകളുടെ പ്രതിനിധികളായ കെ. രാജേഷ് കുമാർ, ഉണ്ണി ശിവരാജൻ (എകെഎസ്റ്റിയു), കെ. എൻ. അശോക് കുമാർ,ഇ .ആർ. ഉദയകുമാർ (കെപിഎസ് ടിഎ ), ആർ. രാധാകൃഷ്ണ പൈ (കെപിപിഎച്ച്എ), ആർ. രാജേഷ് (എൻടിയു),
അനസ് എം. അഷ്റഫ് (കെഎഎംഎ ), സബീർ (കെപിടിഎ ), എസ്. ശ്രീകുമാർ (കെഎസ്ടിസി), ഷിഹാബുദീൻ സി. എസ് (കെഎടിഎഫ്), അജു പി. ബെഞ്ചമിൻ (എഎച്ച്എസ് ടിഎ), ടി. എ. അഷറഫ് കുഞ്ഞാശാൻ (കെഎസ് റ്റിയു) എന്നിവർ പ്രതിഷേധിച്ചു .