എടത്വ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ പടിക്കെട്ടുകള്‍ വിനയാകുന്നു
1467606
Saturday, November 9, 2024 5:04 AM IST
എടത്വ: ജനകീയ സമരങ്ങളിലൂടെ നിര്‍മിച്ച എടത്വ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ പടിക്കെട്ടുകള്‍ പൊതുജനങ്ങള്‍ക്ക് വിനയാകുന്നു. ഓരോ പടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാന്‍ തറയോടുകള്‍ അടുക്കിവച്ചിരിക്കുകയാണ്. തറയോടുകളില്‍ ചവിട്ടുന്നവര്‍ നിയന്ത്രണം തെറ്റി മറിഞ്ഞു വീഴുന്നതും നിത്യസംഭവമാണ്.
പോസ്റ്റ് ഓഫീസില്‍ എത്തുന്ന പ്രായമായ ഗുണഭോക്താക്കളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞദിവസം ഇതേ സംഭവം ആവര്‍ത്തിച്ചപ്പോള്‍ ഓഫീസില്‍ എത്തിയ ഗുണഭോക്താവിനോട് വിചിത്ര ന്യായമാണ് പറഞ്ഞത്. വാസ്തുശാസ്ത്ര പ്രകാരം പടിക്കെട്ടുകളുടെ എണ്ണം ക്രമീകരിക്കുന്നതിനാണ് അധിക പടിക്കെട്ടുകള്‍ വച്ചിരിക്കുന്നതെന്ന വിചിത്ര ന്യായം ഓഫീസില്‍ നിന്ന് പറഞ്ഞതായി ഗുണഭോക്താവ് പറയുന്നു.
പുതിയ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണഘട്ടം മുതല്‍ പിഴവുകളാണെന്നാണ് പൊതുജനങ്ങള്‍ പരാതി പറയുന്നത്. 2018 ലെ പ്രളയത്തെ തുടര്‍ന്ന് പഴയ ഓഫീസ് കെട്ടിടം അപ്പാടെ തകര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് എടത്വ ബിഎസ്എന്‍എല്‍ കെട്ടിടത്തിലേക്ക് പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റി.
ഏഴോളം ഗ്രാമീണ പോസ്റ്റ് ഓഫീസിന്റെ നിയന്ത്രണം വഹിക്കുന്ന സബ് ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലായതോടെ പ്രതിഷേധവുമായി നിരവധി സംഘടനകള്‍ രംഗത്തുവന്നു.
എടത്വ വികസനസമിതിയുടെ നേതൃത്വത്തില്‍ തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണയും പ്രതിഷേധവും അരങ്ങേറിയെങ്കിലും പുതിയ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് എടുത്തതല്ലാതെ നിര്‍മാണം ആരംഭിച്ചിരുന്നില്ല. ജനകീയ പ്രതിഷേധം ശക്തമായതോടെ കൊടിക്കുന്നില്‍ സുരേഷ് എംപി പ്രശ്നം ഏറ്റെടുക്കുകയും എംപി ഫണ്ട് അനുവദിക്കുകയും ചെയ്തു.
ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച തുകയും എംപി ഫണ്ടും ഉള്‍പ്പെടെ 69,23775 രൂപ മുടക്കി 700 ചതുരശ്ര അടിയില്‍ കെട്ടിടം നിര്‍മിച്ചു. തിരക്കേറിയ പോസ്റ്റ് ഓഫീസില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാനോ ജീവനക്കാര്‍ക്ക് ആവശ്യമായ റും സൗകര്യമോ ഇല്ലാതെയാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പ്രതിദിനം ലക്ഷങ്ങള്‍ ഡെപ്പോസിറ്റുള്ള എടത്വ പോസ്റ്റ് ഓഫീസില്‍ കൂടുതല്‍ സൗകര്യത്തിനായി ഇരുനില കെട്ടിടം നിര്‍മിക്കാന്‍ കഴിയാത്ത തരത്തില്‍ മേല്‍ക്കുര ചരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
ഇതിനെതിരേ നിരവധി പരാതികള്‍ വിവിധ സംഘടനകള്‍ നല്‍കിയെങ്കിലും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് അവഗണിക്കുകയായിരുന്നു.
വിവാദത്തില്‍ തുടങ്ങിയ കെട്ടിടത്തിന്റെ പടിക്കെട്ടുകള്‍ പോലും പ്രായമായവര്‍ക്ക് പര്യാപ്തമായല്ല നിര്‍മിച്ചത്. പടിക്കെട്ടുകളുടെ പൊക്ക വ്യത്യാസം പരാതിക്കിടയാക്കാതിരിക്കാന് തറയോടുകള്‍ നിരത്തിയാണ് ക്രമീകരിച്ചിരിക്കുന്നത്.
പെന്ഷന് ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സ്ത്രീകളാണ് ദിവസേന എടത്വ പോസ്റ്റ് ഓഫീസില്‍ എത്തുന്നത്. ഓഫീസില്‍ എത്തുന്നവര്‍ക്ക് നില്ക്കാന്പോലും സ്ഥല പരിമിതി പ്രശ്നമാണ്.