കരുമാടി സഹകരണബാങ്ക് ക്രമക്കേട്: നിയമനടപടി സ്വീകരിക്കാൻ കോൺഗ്രസ്
1467373
Friday, November 8, 2024 5:01 AM IST
അന്പലപ്പുഴ: കരുമാടി സർവീസ് സഹകരണബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ വൻ ക്രമക്കേട് നടക്കുന്നതായി കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. നാളെ നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിനുശേഷം ഇതിനെതിരേ നിയമപരമായ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.എ. ഹാമിദ്, യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി കൺവീനർ അഡ്വ. ആർ. സനൽകുമാർ, എസ്. രാധാകൃഷ്ണൻ നായർ, എം.വി. രഘു, എൻ. ഷിനോയ്, ആർ. ശ്രീകുമാർ, എം. ബൈജു എന്നിവർ പറഞ്ഞു.
2011-2012 കാലത്തെ ജൈവവളം വിൽപ്പനയിൽ 8,30,000 രൂപയുടെ ക്രമക്കേടുനടന്നതായി 2017-ൽ ഓഡിറ്റ് റിപ്പോർട്ട് വന്നു. സിപിഎം സ്വാധീനത്തിനു വഴങ്ങി ബന്ധപ്പെട്ട സെക്രട്ടറിക്കും ഭരണസമതിക്കും എതിരേ യാതൊരു നടപടിയുമില്ലാതെ മുന്നോട്ടു പോകുകയാണെന്നു കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
ബാങ്കിലെ ജീവനക്കാരനായിരുന്ന ശൈലേന്ദ്രൻ നായർ ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിൽ ജോലി കിട്ടി പോയപ്പോൾ അദ്ദേഹത്തിന്റെ ഗ്രാറ്റുവിറ്റി തുക 86,000 രൂപ ബാങ്കിൽ നിക്ഷേപിച്ചു. 2005 ശൈലേന്ദ്രൻ നായർ പൈസ തിരികെ വാങ്ങാൻ വന്നപ്പോൾ സെക്രട്ടറി അതു കൊടുക്കാൻ തയാറായില്ല.
നീണ്ട നിയമയുദ്ധത്തിനൊടുവിൽ 5,75,000 പലിശയും കോടതി ചെലവും നഷ്ടപരിഹാരം അടക്കം ശൈലേന്ദ്രൻ നായർക്കു തിരികെ കൊടുക്കാൻ വിധിയായിരുന്നു. ഇതിനു ഉത്തരവാദിയായവർ സിപിഎം സംരക്ഷണയിൽ ഇപ്പോഴും യാതൊരു സ്ഥാനചലനവും ഇല്ലാതെ ബാങ്കിൽ തുടരുന്നു.
ബാങ്കിൽ എടിഎം സ്ഥാപിക്കാനായി സഹകരണവകുപ്പിന്റെ അനുമതിയില്ലാതെ 3,36, 000 രൂപ ഭരണസമതി ചെലവഴിച്ചു. എന്നാൽ, വലിയ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന് എടിഎം സ്ഥാപിക്കാൻ അനുമതി നൽകാൻ കഴിയില്ലെന്നു സഹകരണസംഘം ജെആർ ഉത്തരവിട്ടു. 2011-2012 കാലത്ത് ബാങ്ക് നടത്തിവന്നിരുന്ന നീതി മെഡിക്കൽ സ്റ്റോറിലെ പ്രവർത്തനം അവസാനിപ്പിച്ചു.
അഞ്ചരലക്ഷം രൂപയായിരുന്നു നീതി മെഡിക്കൽ സ്റ്റോർ നടത്തിയ വകയിലെ നഷ്ടം. ഈ നഷ്ടം തിരിച്ചടയ്ക്കാതെ വീണ്ടും 2018ൽ നീതി മെഡിക്കൽ സ്റ്റോർ സ്ഥാപിക്കാൻ നീക്കം നടത്തി. കഞ്ഞിപ്പാടത്തെ വളം ഡിപ്പോ രണ്ടായിരത്തിൽ പൂട്ടി.
കരുമാടി വില്ലേജിൽ വസ്തുക്കൾ പണയംവച്ച് കേരള ബാങ്കിൽനിന്നു 5.5 കോടി രൂപയുടെ വായ്പ വാങ്ങി. ഈ തുക എന്തു ചെയ്തു എന്നു വിശദീകരിക്കാനുള്ള ബാധ്യത ബാങ്ക് ഭരണസമിതിക്കും സിപിഎം നേതൃത്വത്തിനുമുണ്ട്. ബാങ്കിൽനിന്നു പെൻഷൻ പറ്റിയ ജീവനക്കാർക്കു പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ കിട്ടാതായി.
സമരം ചെയ്യേണ്ട ഗതികേട് വന്നു. ബാങ്ക് പൊതുയോഗം കൂടാറേയില്ല. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം പരാതി നൽകുമെന്നും പ്രത്യക്ഷസമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.