കലോത്സവം മാറ്റരുത്: നഗരസഭാ കൗൺസിൽ
1477912
Sunday, November 10, 2024 5:16 AM IST
കായംകുളം: നവംബർ അവസാന വാരം കായംകുളത്ത് നടത്താൻ തീരുമാനിച്ച റവന്യൂ ജില്ല സ്കൂൾ കലോത്സവം കായംകുളത്തുനിന്നു മാറ്റരുതെന്നും ഇവിടെത്തന്നെ നടത്തണമെന്നും നഗരസഭാ കൗൺസിൽ യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടു.
സ്വാഗതസംഘം രൂപീകരണ യോഗം കൗൺസിലർമാരും അധ്യാപക സംഘടനാ പ്രതിനിധികളും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കത്തത്തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കലോത്സവം കായംകുളത്തുനിന്നു മാറ്റണമെന്ന് അഭിപ്രായം ഉയർന്നു.
കലോത്സവം ഗംഭീരമായി നടത്തണമെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി കൗൺസിലർമാർ യോജിച്ച നിലപാട് സ്വീകരിക്കുകയും അതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കാനും തീരുമാനിച്ചു. സദുദ്ദേശത്തോടുകൂടിയാണ് വിവിധ സബ് കമ്മിറ്റി ചെയർമാൻമാരെ നിർദേശിച്ചതെന്ന് നഗരസഭാ ചെയർപേഴ്സൺ പി ശശികല പറഞ്ഞു.
കലോത്സവത്തിന്റെ മുഖ്യചുമതല അധ്യാപക സംഘടനകൾക്കുതന്നെയാണ്. അധ്യാപക സംഘടനകളുടെ താത്പര്യത്തിനു വിരുദ്ധമായ ഒരു നിലപാടും നഗരസഭയ്ക്ക് ഇല്ലെന്നും ചെയർപേഴ്സൺ പറഞ്ഞു.
നിലവിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരസ്പരം ചർച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങളോടെ കലോത്സവം വിജയകരമാക്കാൻ പ്രവർത്തിക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ ശശികല പ്രസ്താവനയിൽ പറഞ്ഞു.