തകർന്ന മിൽമ ബൂത്ത് പുനർനിർമിച്ച് പൊൻതൂവൽ
1467371
Friday, November 8, 2024 4:54 AM IST
ആലപ്പുഴ: പ്രകൃതിദുരന്തത്തിൽ തകർന്ന മിൽമ ബൂത്ത് പുനർനിർമിച്ച് പൊൻതൂവൽ ചാരിറ്റബിൾ ട്രസ്റ്റ്. 32 വർഷമായി ആലപ്പുഴ - തണ്ണീർമുക്കം റോഡിൽ തോണ്ടൻകുളങ്ങര ക്ഷേത്രത്തിന് സമീപം പ്രവർത്തിച്ചുവന്ന മിൽമ ബൂത്താണ് ഏതാനും മാസങ്ങൾക്ക് മുമ്പുണ്ടായ പ്രകൃതിദുരന്തത്തിൽ തകർന്നത്.
ശക്തമായ കാറ്റിൽ സമീപവാസിയുടെ പുരയിടത്തിലെ മരം മിൽമ ബൂത്തിനു മുകളിലേക്ക് കടപുഴകി വീണാണ് തകർന്നത്. മണ്ണഞ്ചേരി സ്വദേശിയായ സീനത്ത് നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് മിൽമ ബൂത്ത്.
തകർന്ന കെട്ടിടം പുനർനിർമിക്കാൻ നഗരസഭയിലടക്കം സഹായം അഭ്യർഥിച്ചെങ്കിലും യാതൊരു വഴിയും ഉണ്ടായില്ല. തുടർന്നാണ് പൊൻതൂവൽ ട്രസ്റ്റ് ഭാരവാഹികളായ സിനിമോൾ സുരേഷ്, ജിജി സന്തോഷ്, പ്രിൻസി പോൾ തുടങ്ങിയവർ ചേർന്ന് കെട്ടിടം പുനർനിർമിക്കാൻ തീരുമാനിച്ചത്.
കെട്ടിടം തകർന്നതോടെ ജീവിതമാർഗം നിലച്ച തനിക്ക് ലഭിച്ച വലിയ അനുഗ്രഹമാണ് പൊൻതൂവൽ ചാരിറ്റബിൾ ട്രസ്റ്റിലൂടെ ലഭിച്ചതെന്ന് സീനത്ത് നാസർ പറഞ്ഞു. കെട്ടിടത്തിന്റെ താക്കോൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ സീനത്തിന് കൈമാറി.