ശമ്പള വിതരണം വൈകി; ആശുപത്രിയിൽ ജീവനക്കാർ സുപ്രണ്ട് ഓഫീസ് ഉപരോധിച്ചു
1467612
Saturday, November 9, 2024 5:04 AM IST
അമ്പലപ്പുഴ: ശമ്പള വിതരണം വൈകി. ആശുപത്രിയിൽ ജീവനക്കാർ സുപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്ഡിസി ജീവനക്കാരാണ് ഉപരോധസമരം നടത്തിയത്. എട്ടാം തീയതിയായിട്ടും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ ഏകദേശം 145 ജീവനക്കാരാണ് എച്ച്ഡിസിക്ക് കീഴിൽ ജോലി ചെയ്യുന്നത്. ഏതാനും മാസമായി ഇവർക്ക് ആറാം തീയതിയോടെയാണ് ശമ്പളം ലഭിക്കുന്നത്. നേരത്തെ ശമ്പളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ കഴിഞ്ഞ മാസം അവസാനം സൂപ്രണ്ട് ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയിരുന്നു.
ഇതിനെത്തുടർന്ന് ഈ മാസം ആദ്യം ശമ്പളം വിതരണം ചെയ്യാമെന്ന് സുപ്രണ്ട് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഈ മാസം ഒരാഴ്ച പിന്നിട്ടിട്ടും ശമ്പള വിതരണം നടക്കാത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ സൂപ്രണ്ട് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്. തുടർന്ന് അക്കൗണ്ട്സ് ഓഫീസർ, ലേ സെക്രട്ടറി എന്നിവർ ജീവനക്കാരുമായി ചർച്ച നടത്തി.
ശമ്പളം ഉടൻ നൽകാമെന്ന് ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. എങ്കിലും പകുതിയോളം ജീവനക്കാർക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്.