മുതുകുളത്ത് തെരുവുനായ ശല്യം: ജനം ഭീതിയിൽ
1467613
Saturday, November 9, 2024 5:04 AM IST
ഹരിപ്പാട്: തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചതോടെ ഭീതിയിലായി ജനങ്ങള്‍. മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും നായ്ക്കള്‍ കൂട്ടമായി ആക്രമിക്കുന്നു. തെരുവുനായശല്യത്തിനെതിരേ പ്രാദേശിക ഭരണകൂടങ്ങള്‍ ഇടപെടാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഒട്ടേറെ പേര്‍ക്കാണ് നായയുടെ കടിയേറ്റത്.
സാമൂഹികാരോഗ്യകേന്ദ്രം, പാണ്ഡവര്‍കാവ്, ഷാപ്പുമുക്ക്, പുത്തന്‍ചന്ത, കൊല്ലകല്‍, ഇലങ്കം, വാരണപ്പള്ളില്‍ ഭാഗങ്ങളിലെല്ലാം തെരുവുനായശല്യം രൂക്ഷമാണ്. നായ്ക്കൂട്ടത്തെ പേടിച്ച് കുട്ടികളെ മുറ്റത്തേക്കിറക്കാന്പോലും വീട്ടുകാര്‍ ഭയപ്പെടുന്നു. മുതിര്‍ന്നവരും വടിയുമായാണ് പുറത്തേക്കിറങ്ങുന്നത്. സ്കൂളുകളിലേക്കു പോകുന്ന വിദ്യാര്‍ഥികള്‍ക്കും നായ്ക്കള്‍ വലിയ ഭീഷണിയാണ്.
അടുത്തിടെ മുതുകുളം വടക്കന്‍ പ്രദേശത്ത് അഞ്ചുപേര്‍ക്ക് നായയുടെ കടിയേറ്റു. രണ്ടുമാസം മുന്‍പ് പാണ്ഡവര്‍കാവ് ദേവീക്ഷേത്രത്തിലേക്കുവന്ന ഭക്തയെ തെരുവുനായ കടിച്ചു. ഏതാനും മാസം മുന്‍പ് ക്ഷേത്രത്തിലെത്തിയ കൊച്ചുകുട്ടിക്കുനേരേ നായ്ക്കൂട്ടം പാഞ്ഞടുത്തെങ്കിലും അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷകരായി.
അടുത്തിടെ അഞ്ചാം വാര്‍ഡ് ആലുംചുവടിനു കിഴക്കു ഭാഗത്ത് തെരുവുനായയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ സൈക്കിളില്‍നിന്ന് വീണ് അഞ്ചാം ക്ലാസുകാരനു പരിക്കേറ്റിരുന്നു. രണ്ടാഴ്ച മുമ്പ് ഷാപ്പുമുക്ക് ഭാഗത്തുകൂടി സൈക്കിളില്‍ വന്ന കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് നായ്ക്കൂട്ടാക്രമണത്തില്നിന്ന് രക്ഷപ്പെട്ടത്.
ഇരുചക്രവാഹനക്കാര്‍ക്കും നായ്ക്കള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. അപ്രതീക്ഷിതമായി റോഡിനു കുറുകെ ചാടുന്ന നായകളെ തട്ടിവീണ് ഒട്ടേറെ അപകടങ്ങളാണുണ്ടാകുന്നത്. ഒന്നരമാസം മുന്‍പ് മുതുകുളം സ്റ്റാര്‍ ജംഗ്ഷനു സമീപം നായയെ തട്ടി സ്കൂട്ടര്‍ മറിഞ്ഞ് അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റിരുന്നു.
നേരത്തേയും വന്ദികപ്പള്ളി പെട്രോള്‍ പമ്പിനു മുന്നില്‍ സമാനമായരീതിയില്‍ ബൈക്ക് യാത്രക്കാരായ അമ്മയ്ക്കും മകനും അപകടമുണ്ടായി. പാണ്ഡവര്‍കാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് വെട്ടത്തുകടവ് റോഡില്‍ രണ്ടു തവണ നായയെ തട്ടി സ്കൂട്ടർ മറിഞ്ഞ് സ്ത്രീകള്‍ക്കു സാരമായി പരിക്കേറ്റു.
കൂടാതെ, കോഴികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെയും നായ്ക്കൂട്ടം കടിച്ചുകൊല്ലുന്നു. വീടിനു പുറത്തു സൂക്ഷിക്കുന്ന ഇരുചക്രവാഹങ്ങളുടെ സീറ്റും കേബിളുമെല്ലാം കടിച്ചുകീറി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
മുതുകുളത്തോടു ചേര്‍ന്നുകിടക്കുന്ന ചിങ്ങോലി എന്‍ടിപിസി ജംഗ്ഷനു സമീപവും തെരുവു നായ ശല്യം രൂക്ഷമാണ്. മുതുകുളത്തെ തെരുവുനായ ശല്യം ഇത്രയും രൂക്ഷമായിട്ടും നിയന്ത്രിക്കാന്‍ യാതൊരു നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്.