റെയിൽവേയുമായി ബന്ധിപ്പിച്ച് സമാന്തര റോഡ് നിർമിക്കണം
1467640
Saturday, November 9, 2024 5:14 AM IST
തുറവൂർ: റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിനു മുമ്പ് തീരദേശ റെയിൽവേ ക്രോസുകളെയും റോഡുകളെയും ബന്ധിപ്പിച്ച് സമാന്തര റോഡ് നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എറണാകുളം-ആലപ്പുഴ റൂട്ടിൽ റെയിൽവേ നിലവിലുള്ള പാളം മാറ്റി പുതിയ പാളം ഇടുന്ന നിർമാണപ്രവർത്തനങ്ങൾ നടന്നുവരികയാണ്. നിലവിലുള്ള റെയിൽവേ ക്രോസുകൾ പൂർണമായും ഗതാഗതം നിരോധിച്ചത് കൊണ്ടാണ് നിർമാണപ്രവർത്തനം നടന്നുവരുന്നത്.
നാലുദിവസമായി വെളുത്തുള്ളി സൗത്ത് റെയിൽവേ ക്രോസ് അടച്ചതു മൂലം ജനങ്ങൾ യാത്രാദുരിതത്തിലാണ്. റെയിൽവേ ട്രാക്കിനു പടിഞ്ഞാറു ഭാഗത്തുള്ള ജനങ്ങൾ പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്.
പടിഞ്ഞാറൻ പ്രദേശങ്ങളെ ബന്ധിപ്പിച്ചു സമാന്തര റോഡ് വേണമെന്ന് ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോൾ നിരാകരിക്കപ്പെടുന്നതെന്നും ജനങ്ങളോട് റെയിൽവേ കാണിക്കുന്ന നിലപാട് തീർത്തും ദുരിത പൂർണവും പ്രതിഷേധാർഹവുമാണെന്നും നാട്ടുകാർ പറയുന്നു.