കണ്ണൂര്‍: ബിജെപി വാഗ്ദാനം ചെയ്ത ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടപ്പാക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്. അത് ജനങ്ങള്‍ക്ക് കൊടുത്ത ഉറപ്പാണ്. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് മോദിയുടെ നേതൃത്വത്തില്‍ ഭാരതം ഭരിക്കുന്നത്. പുതിയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പുകൾ ഉയരുന്നത് സ്വാഭാവികമാണ്.
കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി അംഗത്വ കാമ്പയിന് അവലോകന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം സി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍, സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആര്. സുരേഷ് എന്നിവർ പ്രസംഗിച്ചു.