കണ്ണൂർ: ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനത്തോടനുബന്ധിച്ച് ശ്രീനാരായണ ഗുരു അനുസമരണമുൾപ്പെടെ വിവിധ പരിപാടികൾ നടത്തി. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, തലശേരി ജനനാഥ ക്ഷേത്രം എന്നിവിടങ്ങളിൽ സമാധി ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക പ്രാർഥനകൾ നടന്നു.
തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ അഖണ്ഡനാമജപം നടന്നു. ഉച്ചകഴിഞ്ഞ് പ്രത്യേക പൂജയും സമാധി ഗീതവും രാത്രി ഏഴിന് സമൂഹ പ്രാർഥനയും നടന്നു. തളാപ്പ് ദിവ്യ ശ്രീ ചൈതന്യ ഹാളിൽ നടന്ന സമാധി ദിനാചരണം പ്രഫ. ഡോ. എ. സത്യനാരായണൻ ഉദ്ഘാടനം ചെയ്തു. എസ്എൻഡിപിയോഗം ഹാളിൽ സംഘടിപ്പിച്ച സമാധിദിനാചരണത്തിന് യൂണിയൻ പ്രസിഡന്റ് എം. സദാനന്ദൻ പതാക ഉയർത്തി. തലശേരി ജഗനാഥ ക്ഷേത്രത്തിൽ രാവിലെ ഗുരുദേവ പ്രതിമയിൽ അഭിഷേകവും പ്രത്യേക പൂജയും സർവമത പ്രാർഥനയും നടന്നു. ശ്രീനാരായണ ഗുരുസമാധി ദിനം ഇരിട്ടി മേഖലയിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ആചരിച്ചു.