അമേരിക്കയിലും എ​മ്പു​രാ​ന്‍ വെെബ്; തിയറ്ററിനെ പൂരപ്പറമ്പാക്കി ആരാധകർ
Friday, March 28, 2025 3:17 PM IST
ജോർജ് തുമ്പയിൽ
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യെ കൊ​ച്ചു കേ​ര​ള​മാ​ക്കി മാ​റ്റി "എ​മ്പു​രാ​ന്‍റെ‌' മാ​സ് എ​ൻ​ട്രി. ഒ​രു ഇ​ന്ത്യ​ൻ സി​നി​മ​യ്ക്കും ഇ​തു​വ​രെ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യാ​ത്ത ആ​വേ​ശ​വു​മാ​യി നാ​ട്ടി​ലെ​ന്ന​തു​പോ​ലെ അ​മേ​രി​ക്ക​യി​ലും തി​യ​റ്റ​റു​ക​ളെ പൂ​ര​പ്പ​റ​മ്പാ​ക്കി​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ - പൃ​ഥ്വി​രാ​ജ് ടീം ​ഒ​രു​ക്കി​യ എ​മ്പു​രാ​ന്‍ എ​ത്തി​യ​ത്.

അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മാ​യി 100ലേ​റെ സ്‌​ക്രീ​നു​ക​ളി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. പൃ​ഥ്വിരാ​ജി​ന്‍റെ സം​വി​ധാ​ന മി​ക​വി​നും ഹോ​ളി​വു​ഡ് സ്റ്റൈ​ൽ മേ​ക്കിം​ഗി​നും ചി​ത്ര​ത്തി​ന് നൂ​റി​ന് മു​ക​ളി​ല്‍ മാ​ര്‍​ക്ക് ന​ല്‍​കാ​മെ​ന്നും വി​ല​യി​രു​ത്തു​ന്ന പ്രേ​ക്ഷ​ക​രേ​റെ. മോ​ഹ​ൻ​ലാ​ലി​ന്‍റെ മാ​സ് എ​ൻ​ട്രി​യും മു​ര​ളി ഗോ​പി​യു​ടെ ഡ​യ​ലോ​ഗു​ക​ളും അ​മേ​രി​ക്ക​യി​ലെ തി​യ​റ്റ​റു​ക​ളി​ൽ ആ​വേ​ശ​പ്പൂ​രം ത​ന്നെ തീ​ർ​ത്തു.

ശ​രി​ക്കും മ​ല​യാ​ള​ത്തി​ൽ നി​ന്നൊ​രു അന്താരാഷ്‌‌ട്ര സിനിമ, ഗം​ഭീ​ര മേ​ക്കിം​ഗ്. ഇ​‌ടവേളയ്ക്ക് ശേ​ഷ​മു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ സീ​ൻ കി​ടി​ല​ൻ. ഇ​ത്ത​രം സി​നി​മ​ക​ൾ മ​ല​യാ​ള സി​നി​മ​യെ ലോ​ക​നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തും എ​ന്ന് ഇ​ങ്ങ​നെ പോ​കു​ന്നു ന്യൂ​ജ​ഴ്‌​സി​യി​ൽ നി​ന്ന് ഒ​രു പ്രേ​ക്ഷ​ക​ന്‍റെ വി​ല​യി​രു​ത്ത​ൽ.

എ​മ്പു​രാ​ൻ റി​ലീ​സ് ഡേ ​ആ​ഘോ​ഷ​മാ​ക്കാ​ൻ ആ​ശീ​ർ​വാ​ദ് സി​നി​മാ​സ് ആ​വ​ശ്യ​പ്പെ​ട്ട​തു​പോ​ലെ ന്യൂ​ജ​ഴ്സി​യി​ലും മോ​ഹ​ൻ​ലാ​ൽ ആരാധകർ, കറുത്ത വസ്ത്രമണിഞ്ഞ് കി​ടി​ല​ൻ വൈ​ബി​ലാ​ണ് എ​ത്തി​യ​ത്. പാ​ട്ടും മേ​ള​വും ഡാ​ൻ​സും പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും സ്റ്റി​ക്ക​റു​ക​ളും എ​ല്ലാം കൂ​ടി സം​ഗ​തി ആ​കെ ക​ള​റാ​യി.




മോ​ഹ​ൻലാ​ൽ ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്കയുടെ നേതൃത്വത്തിൽ ഒ​രു ഡ​യ​റ​ക്‌‌ടറാ​യ റോ​ഷി​ൻ ജോ​ർ​ജും ന്യൂ​ജ​ഴ്‌​സി ചാ​പ്റ്റ​റും ചേ​ർ​ന്നൊ​രു​ക്കി​യ "എ​മ്പു​രാ​ന്‍' റി​ലീ​സ് ഒ​രു​ക്ക​ങ്ങ​ൾ ന്യൂ​ജ​ഴ്‌​സി​യി​ൽ തീ​ർ​ത്ത ആ​വേ​ശം കാ​ണേ​ണ്ട​ത് ത​ന്നെ​യാ​യി​രു​ന്നു.

പാ​ട്ട് പാ​ടി മോ​ഹ​ൻ​ലാ​ൽ ജ​യ് വി​ളി​ച്ച് ഡാ​ൻ​സ് ക​ളി​ച്ച് ആ​ഘോ​ഷ​മാ​യി​ട്ടാ​യി​രു​ന്നു ന്യൂ​ജ​ഴ്സി​യി​ലെ സ്പാ​ർ​ട്ട​യി​ലേ​ക്ക് ഫാ​ൻ​സി​ന്‍റെ വ​ര​വ്. അ​മേ​രി​ക്ക​ൻ തി​യ​റ്റ​റാ​യി​രു​ന്നി​ട്ട് കൂ​ടി ഇ‌ടവേളയ്ക്ക് പ​ഴം പൊ​രി​യും ന​ൽ​കി​യ​ത് ഷോ ​കൊ​ഴു​പ്പി​ച്ചു. ആ​ദ്യ​ഷോ​യി​ൽ ഇ​വി​ടു​ത്തെ മൂ​ന്ന് തി​യ​റ്റ​റു​ക​ളി​ലെ​യും എ​ല്ലാ ഷോ​യും ഹൗ​സ് ഫു​ളാ​യി​രു​ന്നു.

എ​മ്പു​രാ​ന്‍റെ റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച് ടൈം​സ് സ്ക്വ​യ​റി​ൽ വി​ഡി​യോ വാ​ളി​ൽ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ മാ​ർ​ച്ച് 16ന് ​പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ ലാ​ലേ​ട്ട​ൻ ഫാ​ൻ​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഈ ഒ​ത്തു​കൂ​ട​ലി​ൽ എ​ല്ലാ​വ​രും വെ​ള്ള ഷ​ർ​ട്ടും മു​ണ്ടു​മ​ണി​ഞ്ഞാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ആ​ശി​ർ​വാ​ദ് ഹോ​ളി​വു​ഡ് ആ​ണ് ഈ ​ഒ​ത്തു​ചേ​ര​ൽ ഒ​രു​ക്കി​യ​ത്. റോ​ഷി​ൻ ജോ​ർ​ജും മ​ക്ക​ളു​മെ​ല്ലാം ചേ​ർ​ന്ന് സം​ഗ​തി വേ​റെ ലെ​വ​ലാ​ക്കി.