നിർമ്മിതബുദ്ധി ഉപയോഗിച്ചുള്ള ബൈബിൾ വ്യാഖ്യാന ഓൺലൈൻ ഉദ്ഘാടനം ചെയ്തു
Friday, November 8, 2024 6:00 AM IST
ബിബി സ്റ്റീഫൻ
ഹൂസ്റ്റൺ: ആർട്ടിഫിഷൽ ഇന്‍റലിജൻസ് ഉപയോഗിച്ചു ബൈബിൾ പഠനത്തിനു തയ്യാറാക്കിയ പുതിയ പ്ലാറ്റ്ഫോം, ബൈബിൾ ഇൻ്റർപ്രിട്ടേഷൻ. എഐ (BibleInterpretation.ai, ഹൂസ്റ്റണിലെ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ മുഖ്യ തിരുന്നാളിന്‍റെ കലോത്സവത്തോടനുബന്ധിച്ച് പൂനയിലെ സീറോമലങ്കര കത്തോലിക്കാ രൂപതാധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മാർ പാകോമിയോസ് ഉദ്ഘാടനം ചെയ്തു. ഈ പ്ലാറ്റ്ഫോം, വിശുദ്ധ ഗ്രന്ഥത്തെ കൂടുതൽ എളുപ്പത്തിൽ അപഗ്രധിക്കുവാനും പഠിപ്പിക്കുവാനും എല്ലാവർക്കും സഹായകമാണ്.

കത്തോലിക്കാ പ്രബോധനങ്ങൾക്കധിഷ്ടിതമായ ബൈബിൾ വിശദീകരണങ്ങൾ കൂടുതൽ എളുപ്പമാക്കുന്ന ഈ സൈറ്റ് വികസിപ്പിക്കുന്നതിനു തയ്യാറായ റവ. ഫാ. ഏബ്രഹാം മുത്തോലത്തിന്‍റ ദീർഘവീക്ഷണത്തെ ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ്പ് പക്കോമിയോസ് പ്രശംസിച്ചു. “ബൈബിൾ ഇൻ്റർപ്രട്ടേഷൻ. എഐ സഭാമക്കളുടെയും പ്രബോധകരുടെയും ആത്മീയ യാത്രയിൽ പുതിയൊരു വഴിത്തിരിവായിരിക്കും,” അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യം വച്ചുകൊണ്ട്, മതാദ്ധ്യാപകർ, പ്രാർത്ഥനാ ഗ്രൂപ്പുകൾ, വൈദികർ, ബൈബിൾ പ്രഭാഷകർ തുടങ്ങിയവർക്ക് ഈ പ്ലാറ്റ്ഫോം വളരെ സഹായകരമായിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈദികർക്കും ബൈബിൾ പ്രഘോഷകർക്കും: വചനപ്രഘോഷണം ഒരുങ്ങുന്നതിനും അതിനു വേണ്ട ബൈബിൾ പശ്ചാത്തലം മനസ്‌സിലാക്കുന്നതിനും പ്രസംഗ സംഗ്രഹം തയ്യാറാക്കുന്നതിനും ബൈബിൾ ഇൻ്റർപ്രട്ടേഷൻ.എഐ പ്രയോജനപ്പെടുന്നു.


പ്രാർഥനാ ഗ്രൂപ്പ് നേതാക്കൾക്ക്: പ്രാർഥനാ ഗ്രൂപ്പുകളുടെ നേതാക്കൾക്ക് ബൈബിൾ സന്ദേശങ്ങൾ വിശദീകരിക്കുന്നതിനായി സാങ്കേതിക പിന്തുണ നൽകുന്നു. ബൈബിൾ പാരമ്പര്യവും സഭാപ്രബോധനങ്ങളും സംയോജിപ്പിച്ച ആകർഷകമായ അവതരണത്തിന് ഇതു സഹായിക്കുന്നു.

വ്യക്തിഗത പഠനത്തിനും ബൈബിൾ ഗ്രൂപ്പുകൾക്കുമായി: ഏവർക്കും ഉപയോഗിക്കാൻ എളുപ്പമുള്ള ഈ പ്ലാറ്റ്ഫോം, ബൈബിൾ സ്വതന്ത്രമായി പഠിക്കാൻ അവസരം നൽകുന്നു. ജീവിത പ്രശ്നങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താനും വിശുദ്ധ ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തിൽ ധ്യാനിച്ചു പ്രാർഥിക്കാനും ഇത് പ്രയോജനപ്രദമാണ്.

ബൈബിൾ ഇൻ്റർപ്രിട്ടേഷൻ. എഐ സാധ്യമാക്കുന്നത് ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷനാണ്. ജീവകാരുണ്യഅജപാലന ശുശ്രൂഷകൾക്ക് പിന്തുണ നൽകുന്നതിന് ഹൂസ്റ്റൺ ക്നാനായ ഫൊറോനാ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് സ്ഥാപിച്ചതാണ് ഈ ഫൗണ്ടേഷൻ. ഫാ. ഏബ്രഹാം മുത്തോലത്ത്, അദ്ദേഹത്തിന്‍റെ സഹോദരൻ എം.സി. ജേക്കബ്, ഫാ. ജോഷി വലിയവീട്ടിൽ, ഇടവക ട്രസ്റ്റിമാർ, മറ്റ് കമ്മറ്റിക്കാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് bibleinterpretation.ai ഉദ്ഘാടനം ചെയ്തത്.