ഷിക്കാഗോയില്‍ നൃത്ത സംഗീത വിരുന്നും താരനിശയും മേയ് ഒന്‍പതിന്
ബെഞ്ചമിന്‍ തോമസ്
Thursday, April 3, 2025 7:25 AM IST
ഷിക്കാഗോ: ഷിക്കാഗോയിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നൃത്ത, സംഗീത വിരുന്നും താരനിശയും (മലങ്കര സ്റ്റാര്‍ നൈറ്റ് 2025) മേയ് ഒന്‍പതിന് ഏഴിന് നേപ്പര്‍വില്‍ യെല്ലോ ബോക്സ് തിയറ്ററില്‍ വച്ചു നടത്തപ്പെടുന്നു.
റീമ കല്ലിങ്കല്‍, നിഖില വിമല്‍, അപര്‍ണ ബാലമുരളി എന്നീ സിനിമാതാരങ്ങളുടെ നൃത്ത സംഗീതമേളയും, ജോബ് കുര്യന്, അന്‍ജു ജോസഫ് എന്നിവരുടെ സംഗീത കലാവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. ഷിക്കാഗോയില്‍ നടത്തപ്പെടുന്ന ഈ നൃത്ത സംഗീത മേള ഈവര്‍ഷത്തെ ആദ്യത്തെ സ്റ്റേജ് ഷോ ആണെന്നുള്ളതും ശ്രദ്ധേയമാണ്.

മാര്‍ച്ച് 30ന് എവന്‍സ്റ്റണിലുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വച്ച് ടിക്കറ്റ് വില്പനയുടെ കിക്കോഫ് നടത്തപ്പെട്ടു. ഇടവക വികാരി ഫാ. ജെറി മാത്യു ആദ്യത്തെ ടിക്കറ്റ്, ഗോള്‍ഡ് സ്പോണ്‍സറായ രാജു വിന്‍സെന്റിന് നല്‍കിക്കൊണ്ടാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. ഇടവക സെക്രട്ടറി ബെഞ്ചമിന്‍ തോമസ് പ്രോഗ്രാമിനെക്കുറിച്ചുള്ള വിവരണങ്ങള്‍ നല്കി.
കഴിഞ്ഞ കാലങ്ങളില്‍ ഷിക്കാഗോയിലെ സഹൃദയരായ ഏവരും ഈ ഇടവകയ്ക്ക് നല്‍കിയിട്ടുള്ള സഹായ സഹകരണങ്ങള്‍ തുടര്‍ന്നും നല്‍കണമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ രഞ്ചന്‍ തോമസും രാജു വിന്‍സെന്റും അഭ്യര്‍ഥിച്ചു.
ഫാ. ജെറി മാത്യുവും ഇടവക ചുമതലക്കാരും ഈ മെഗാഷോയിലേക്ക് കലാ സ്നേഹികളായ നിങ്ങള്‍ ഓരോരുത്തരേയും ഹൃദയപൂര്‍വം സ്വാഗതം ചെയ്തു.
ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബെഞ്ചമിന്‍ തോമസ് (847 529 4600), രഞ്ചന്‍ ഏബ്രഹാം (847 287 0661), രാജു വിന്‍സെന്റ് (630 890 7124).