കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ കലോത്സവം അവിസ്മരണീയമായി
Wednesday, April 2, 2025 2:34 AM IST
നാഷ്വിൽ: ടെനിസിയിലെ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) വിവിധ കലാരൂപങ്ങളെ കോർത്തിണക്കി കൊണ്ട് ആദ്യമായി സംഘടിപ്പിച്ച കാൻ കലോത്സവം 2025 ശ്രദ്ധേയമായി. നൃത്തം, സംഗീതം, സാഹിത്യ രചന, നാടകം എന്നിവ ഉൾപ്പെട്ട വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.
ഇരുപതോളം കുട്ടികൾ ചേർന്നായിരുന്നു ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ കാൻ കലോത്സവത്തിനു തിരി തെളിയിച്ചത്. കാൻ പ്രസിഡന്റ് ഷിബു പിള്ള അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ, വൈസ് പ്രസിഡന്റ് ശങ്കർ മന സ്വാഗതവും, സെക്രട്ടറി സുശീല സോമരാജൻ നന്ദിയും രേഖപ്പെടുത്തി.

നാഷ്വില്ലിലെ സംഗീത കൂട്ടായ്മയായ നാദം മ്യൂസിക്കൽസ് വിവിധ വാദ്യമേളത്തിന്റെ അകമ്പടിയോടെ സംഗീത സദ്യ അവതരിപ്പിച്ചു. തുടർന്ന് നടന്ന സംഘനൃത്തങ്ങൾ കാണികളെ ഒട്ടേറെ ആകർഷിച്ചു. കാൻ ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുത്ത എല്ലാവരെയും അനുമോദിക്കുകയും ചെയ്തു.
ഡാളസിൽ നിന്നുള്ള ഭരതകല തിയറ്റഴ്സ് അവതരിപ്പിച്ച "എഴുത്തച്ഛൻ’ എന്ന നാടകം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. സാഹിത്യകാരനായ സി രാധാകൃഷ്ണന്റെ "തീക്കടൽ കടഞ്ഞ് തിരുമധുര’മെന്ന നോവൽ അടിസ്ഥാനമാക്കിയാണ് എഴുത്തച്ഛൻ എന്ന നാടകം തയാറാക്കിയിരിക്കുന്നത്.
ലോസ്റ്റ് വില്ല, പ്രണയാർദ്രം, സൂര്യപുത്രൻ, സൈലന്റ് നൈറ്റ് എന്നി നാടകങ്ങളും വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.

കലാപരിപാടികൾക്ക് കൾചറൽ കമ്മിറ്റി ചെയർ സന്ദീപ് ബാലനും, ലിറ്റററി ഫെസ്റ്റിവലിന് യൂത്ത് ഫോറം ചെയർ ഷാഹിന കൊഴശേരിയും നേതൃത്വം നൽകി. സുമ ശിവപ്രസാദ് പരിപാടിയുടെ അവതാരിക ആയി പ്രവർത്തിച്ചു.
കലോത്സവത്തിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച എല്ലാ ഭരണസമിതി അംഗങ്ങൾക്കും, വൊളന്റിയർമാർക്കും, സ്പോൺസർമാർക്കും നന്ദി അറിയിച്ചു കാൻ കലോത്സവം 2025 സമാപിച്ചു.