മാർത്തോമ്മാ യൂത്ത് ഫെല്ലോഷിപ് ഡാളസിൽ ഭവനരഹിതർക്ക് സ്വാന്താനമായി
ബബു പി. സൈമൺ
Wednesday, April 2, 2025 6:50 AM IST
ഡാളസ്: മാർത്തോമ്മാ യൂത്ത് ചാപ്ലിൻസി മിനിസ്ട്രിയുടെ ഭാഗമായി ഡാളസ് ക്രോസവെയ് മാർത്തോമ്മാ ഇടവകയിലെ യൂത്ത് ഫെല്ലോഷിപ് അംഗങ്ങൾ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭവനരഹിതരായി കഴിയുന്നവർക്ക് ഭക്ഷണം നൽകി ക്രിസ്തുവിന്റെ സ്നേഹ സന്ദേശം പകർന്നു.

ഡാളസ് യൂത്ത് ചാപ്ലയിനും ഇടവക വികാരിയുമായ റവ. ഏബ്രഹാം കുരുവിളയുടെ നേതൃത്വത്തിലാണ് ഈ ശുശ്രൂഷ നടക്കുന്നത്. ഐസായ കോഡ് എന്ന പേരിലാണ് റവ. ഏബ്രഹാം കുരുവിളയുടെ നേതൃത്വത്തിൽ ഡാളസിൽ ഈ ശുശ്രൂഷ അറിയപ്പെടുന്നത്.
ഈ വർഷത്തെ വലിയ നോമ്പുകാലം യുവജനങ്ങളുടെ ആത്മീയ ജീവിതത്തിൽ ഒരു ഉണർവും പുതിയ കാഴ്ചപ്പാടും നൽകണമെന്ന് ആഗ്രഹിച്ചാണ് ഈ ശുശ്രൂഷ ആരംഭിച്ചതെന്ന് റവ. ഏബ്രഹാം കുരുവിള വ്യക്തമാക്കി. വലിയ നോമ്പ് തുടങ്ങി 29 ദിവസങ്ങൾ പിന്നിടുമ്പോൾ നൂറിലധികം ആളുകളുടെ വിശപ്പകറ്റാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയിലെ ആരാധനയ്ക്കിടെയുള്ള പ്രസംഗത്തിൽ റവ. ഏബ്രഹാം കുരുവിള ന്ധഐസായ കോഡിന്ധനെക്കുറിച്ച് വിശദീകരിക്കുകയും ഈ ശുശ്രൂഷയിൽ എല്ലാവരും പങ്കാളികളാകണമെന്നും ആഹ്വാനം ചെയ്തു.
തുടർന്ന്, ഇടവകയിലെ യുവതി യുവാക്കളും സൺഡേ സ്കൂൾ വിദ്യാർഥികളും ഭക്ഷണ വിതരണത്തിനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.മാർത്തോമ്മാ യൂത്ത് ഫെല്ലോഷിപ് ഡാലസിൽ ഭവനരഹിതർക്ക് അന്നദാനം നടത്തി.
യുവജനങ്ങളുടെയും സൺഡേ സ്കൂൾ കുട്ടികളുടെയും താത്പര്യവും കഷ്ടപ്പെടുന്നവരോടുള്ള അനുകമ്പയും സഭയോടുള്ള സ്നേഹവും അഭിനന്ദനാർഹമാണെന്ന് സെന്റ് പോൾസ് മാർത്തോമ ഇടവക വികാരി റവ. ഷൈജു സി. ജോയ് അഭിപ്രായപ്പെട്ടു.
റവ. ഷൈജു സി. ജോയിയുടെ പ്രാർഥനയ്ക്ക് ശേഷം തയാറാക്കിയ ഭക്ഷണപ്പൊതികളുമായി റവ. ഏബ്രഹാം കുരുവിളയും സംഘവും ഡാലസ് പട്ടണത്തിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു.