കെഎച്ച്എൻഎ കലിഫോർണിയ ഒരുക്കിയ ശുഭാരംഭം ഗംഭീരമായി
അനിൽ ആറന്മുള
Monday, March 31, 2025 3:14 PM IST
ലോസ് ആഞ്ചലസ്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ കലിഫോർണിയ അംഗങ്ങൾ അണിയിച്ചൊരുക്കിയ ശുഭാരംഭം ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ, സംഘാടന മികവ് എന്നിവകൊണ്ടും ഗംഭീരമായി.
സംഘാ വെസ്റ്റ് ഭാരത് സേവാശ്രമത്തിൽ പാഞ്ചജന്യം എന്ന പേരിൽ സംഘടിപ്പിച്ച ശുഭാരംഭം ദുർഗാദേവിയുടെ സവിധത്തിൽ പൊങ്കാല അർപ്പണത്തോടെയാണ് ആരംഭിച്ചത്. ശേഷം നടന്ന പൊതുസമ്മേളനം കെഎച്ച്എൻഎ പ്രസിഡന്റ് ഡോ. നിഷ പിള്ള, ജനറൽ സെക്രട്ടറി മധു ചെറിയേടത്ത് എന്നിവർ ഭദ്രദീപം കൊളുത്തിയതോടെ ആരംഭിച്ചു.
ദേവാംഗ് പ്രണബ് പ്രാർഥന ശ്ലോകം ആലപിച്ചു. സദസിനു ഏറ്റുചൊല്ലാൻ അവസരം നൽകിയതും പുതുമയായി. 2009ൽ ലോസ് ആഞ്ചലസിൽ നടന്ന കെഎച്ച്എൻഎ കൺവൻഷന്റെയും ലോസ് ആഞ്ചലസിൽ നടക്കുന്ന പ്രവർത്തനങ്ങളുടെയും വീഡിയോ പ്രസന്റഷനോടുകൂടിയാണ് സമ്മേളനം ആരംഭിച്ചത്.
2009ൽ വെറും 33 കുടുംബങ്ങൾ ആയിരുന്നു എങ്കിൽ ഇന്ന് ആയിരത്തിലധികം ഹിന്ദു കുടുംബങ്ങളാണ് അവിടെയുള്ളത് എന്നത് വീഡിയോയിൽ സമർഥിക്കുന്നു. 2009 കൺവൻഷനുശേഷം വിട്ടുപിരിഞ്ഞുപോയവരെ അനുസ്മരിച്ചാണ് വീഡിയോ അവതരണം അവസാനിക്കുന്നത്.
അശ്വമേധത്തിനുശേഷം(2023 ഹൂസ്റ്റൻ കൺവൻഷൻ) ഭഗവാൻ പ്രദർശിപ്പിച്ച തന്റെ വിരാട് സ്വരൂപത്തിനു സമാനം ഉജ്വലവും ഉത്കൃഷ്ടവുമായിരിക്കും ഈ വർഷം ഓഗസ്റ്റിൽ അറ്റ്ലാന്റിക് സിറ്റിയിൽ നടക്കുന്ന കൺവൻഷൻ എന്ന് ഉദ്ഘാടനപ്രസംഗത്തിൽ പ്രസിഡന്റ് ഡോ. നിഷ പിള്ള പറഞ്ഞു.
കെഎച്ച്എൻഎയുടെ സിൽവർജൂബിലി കൺവെൻഷന്റെ പ്രത്യേകതകൾ വിവരിച്ച നിഷ പിള്ള അതിലേക്കു എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.



കെഎച്ച്എൻഎ വളർച്ചയിൽ കലിഫോർണിയയുടെ പ്രസക്തി ആർക്കും അവഗണിക്കാനാവില്ലെന്നും ന്യൂജഴ്സിയിൽ നടക്കാൻ പോകുന്ന ചരിത്രത്തിൽ എന്നും ഓർമിക്കുന്ന വിരാട് കൺവൻഷൻ വിജയിപ്പിക്കാൻ ഏവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാവണമെന്ന് തുടർന്ന് സംസാരിച്ച സെക്രട്ടറി മധു ചെറിയേടത്ത് അഭ്യർഥിച്ചു.
ട്രസ്റ്റീ ബോർഡ് അംഗം ഗോപിനാഥക്കുറുപ്, മുൻ പ്രസിഡന്റുമാരായ ജി. കെ. പിള്ള, ഡോ. രാംദാസ് പിള്ള, മുൻ കൺവൻഷൻ ചെയർമാൻ രഞ്ജിത് പിള്ള എന്നിവരും സംസാരിച്ചു.
കെഎച്ച്എൻഎ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതുൾപ്പടെ എല്ലാവരും ജാഗരൂകരായി പ്രവർത്തിക്കണമെന്നും ഒപ്പം ഉജ്വലമായ ഒരു ശുഭാരംഭം കാഴ്ചവെക്കാൻ കഴിഞ്ഞ കലിഫോർണിയ അടുത്ത കൺവൻഷന് വേദിയാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ആശംസകൾ അറിയിച്ച മുൻ ട്രസ്റ്റീ സെക്രട്ടറി പ്രഫ. ജയകൃഷ്ണൻ നായർ, ഈ ശുഭാരംഭത്തിനു ചാലക ശക്തിയായി പ്രവർത്തിച്ച ആതിര സുരേഷിന്റെ നേതൃത്വത്തിൽ 2026-27ലെ കൺവൻഷൻ കാലിഫോർണിയയിലേക്കു കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചത് ജനം ഹർഷാരവത്തോടെ സ്വീകരിച്ചു.
വിജയലക്ഷ്മി അവതരിപ്പിച്ച മോഹിനിയാട്ടം, കലാപരിപാടികളിൽ അവതരിപ്പിക്കപ്പെട്ട ഭരത നാട്യവും കഥക്കും എല്ലാം മനോഹരമായിരുന്നു. കവിത മേനോൻ, രമ നായർ എന്നിവർ പൊങ്കാലയ്ക്ക് നേതൃത്വം നൽകി. തങ്കമണി ഹരികുമാർ, അഞ്ജു ശ്രീധരൻ, ശീതൾ അയ്യാത്തൻ, സുനിത ഗോപാലൻ, സജിത എന്നിവർ താലപ്പൊലിക്ക് നേതൃത്വം നൽകി.
ആതിര സുരേഷ്, രവി വള്ളത്തേരി, ഹരികുമാർ ഗോവിന്ദൻ, രാജൻ, ഓം പ്രസിഡന്റ് സുരേഷ് ഇഞ്ചൂർ, സെക്രട്ടറി രഘു അരങ്ങാശേരി, ബാബ എന്നിവരാണ് പ്രധാനമായും ഉജ്ജ്വലമായ ഈ പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഡോ. സിന്ധു പിള്ള, വിനോദ് ബാഹുലേയൻ എന്നിവർ എംസി മാരായി പ്രവർത്തിച്ചു.