വിസ്കോൺസിൻ സുപ്രീം കോടതി തെരഞ്ഞെടുപ്പിൽ സൂസൻ ക്രോഫോർഡിന് ജയം
പി.പി. ചെറിയാൻ
Thursday, April 3, 2025 7:13 AM IST
വിസ്കോൺസിൻ: വിസ്കോൺസിൻ സംസ്ഥാനത്തെ സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്കു നടന്ന ജനകീയ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി പിന്തുണയോടെ മത്സരിച്ച സൂസൻ ക്രോഫോർഡിനു ജയം.
ഈ വിജയത്തോടെ സംസ്ഥാനത്തിന്റെ പരമോന്നത കോടതിയിൽ ലിബറലുകൾക്ക് അവരുടെ നേരിയ ഭൂരിപക്ഷം നിലനിർത്താനായി. യുഎസ് പ്രസിഡന്റ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും പിന്തുണച്ച ബ്രാഡ് ഷിമെലിനെയാണു തോറ്റത്.
ഡെമോക്രാറ്റുകളുടെ പിന്തുണയുള്ള ഡെയ്ൻ കൗണ്ടി സർക്യൂട്ട് ജഡ്ജിയായ ക്രോഫോർഡ്, വൗകെഷ കൗണ്ടി സർക്യൂട്ട് ജഡ്ജിയും മുൻ റിപ്പബ്ലിക്കൻ അറ്റോർണി ജനറലുമായ ബ്രാഡ് സ്കിമലിനെയാണ് പരാജയപ്പെടുത്തിയത്. 10 വർഷത്തേക്കാണ് കാലാവധി.
ഡോണൾഡ് ട്രംപിന്റെ രണ്ടാം ടേമിലെ ആദ്യത്തെ പ്രധാന തെരഞ്ഞെടുപ്പിൽ, സാങ്കേതികമായി പക്ഷപാതമില്ലാത്ത മത്സരം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. യുഎസ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സംസ്ഥാന സുപ്രീം കോടതി മത്സരമായി മാറുകയും ചെയ്തു.