നോർത്ത് അമേരിക്കൻ മലയാളികൾക്ക് സ്നേഹസമ്മാനമായി ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക്
ശ്രീകുമാർ ഉണ്ണിത്താൻ
Saturday, March 29, 2025 3:46 PM IST
ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രവർത്തന മേഖലയിൽ അഭിമാനമായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ പ്രവർത്തനം അവസാന ഘട്ടത്തിലേക്ക്. സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ ഈ ഭരണസമിതി വാഗ്ദാനം ചെയ്ത യൂണിക്ക് പദ്ധതികളിൽ ഒന്നാണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്.
അമേരിക്കയിലെ ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്ത മലയാളികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ യൂണിക്ക് പദ്ധതിയുടെ ലക്ഷ്യം.
അമേരിക്കയിൽ വിസിറ്റിംഗ് വിസയിൽ ഉള്ളവരും മെഡി കെയർ, മെഡിക്കെയിട്, ഒബാമ കെയർ തുടങ്ങിയ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത നൂറു കണക്കിന് ഫാമിലികളും കുട്ടികളും വാർധക്യമായവരും അമേരിക്കയിൽ ഉണ്ട്. അങ്ങനെയുള്ള ആളുകൾക്ക് വേണ്ടി ആണ് ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക് പ്ലാൻ ചെയ്യുന്നത്.
സാധാരണ ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായി രോഗികളെ അഡ്മിറ്റ് ചെയ്യാതെ ഔട്ട് പേഷ്യന്റ് ആയി പ്രാഥമിക പരിചരണം മാത്രം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങൾ അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള നടപിടികൾ പുരോഗമിക്കുകയാണ്.
ഫൊക്കാനയുടെ അംഗ സംഘടനകളുമായി സഹകരിച്ചു അവരുടെ ഓഫീസുകളിൽ ആണ് ഫൊക്കാന ഈ യൂണിറ്റുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.
ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി മികച്ച ഡോക്ടർമാരും അനുബന്ധ മെഡിക്കൽ പ്രൊഫഷണലുകളും ഫർമസ്യൂട്ടിക്കൽ മേഘലയിലെ പ്രഫഷണലുകളും ലാബ് മേഘലയിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെടുന്ന ഒരു ടീമാണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.
കൺസൾട്ടന്റായി അനുഭവപരിചയമുള്ള ഈ മെഡിക്കൽ പ്രഫഷണലുകളുടെ നേതൃത്വത്തിൽ ആവശ്യമായ പ്രാഥമിക മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറുമാസമായി നടക്കുകയാണ്.
ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് അമേരിക്കൻ - കാനേഡിയൻ മലയാളികൾക്കുള്ള സമ്മാനമായിരിക്കും എന്ന് ഫൊക്കാന കമ്മിറ്റികൾ അറിയിച്ചു.