എസ്ബി - അസംപ്ഷൻ കോളജ് അലുമ്നി: നോർത്ത് അമേരിക്കയിൽ ഏകോപനത്തിന് തുടക്കം
തോമസ് ഡിക്രൂസ്
Tuesday, April 1, 2025 4:17 PM IST
ചങ്ങനാശേരി: എസ്ബി - അസംപ്ഷൻ കോളജ് പൂർവവിദ്യാർഥികളുടെ വടക്കേ അമേരിക്കയിലുള്ള എല്ലാ ചാപ്റ്ററുകളും ദേശീയതലത്തിൽ ഏകോപിപ്പിക്കുവാൻ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ഓൺലൈൻ പൂർവവിദ്യാർഥി സമ്മേളനത്തിൽ തീരുമാനിച്ചു.
അമേരിക്കയിൽ സജീവമായി പ്രവർത്തിക്കുന്ന അലുമ്നി കൂട്ടായ്മകളിലെ ഭാരവാഹികളും പൂർവവിദ്യാർഥികളും പങ്കെടുത്ത സമ്മേളനത്തിൽ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശേരി അതിരൂപതയുടെ പ്രശസ്തമായ കലാലയങ്ങളുടെ പാരമ്പര്യവും സംശുദ്ധിയും ഉയത്തിപിടിക്കുവാൻ ആര്‍ച്ച്ബിഷപ് ഭാരവാഹികളെ ആഹ്വാനം ചെയ്തു.
ഹ്രസ്വമായ തന്റെ സന്ദർശനത്തിനിടയിൽ അമേരിക്കൻ യൂണിവേഴ്സിറ്റികളുമായി സഹകരിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസരംഗത്തും പ്രഫഷണൽ മേഖലയിലും ശാസ്ത്രസാങ്കേതികരംഗത്തും എസ്ബി - അസംപ്ഷൻ പൂർവവിദ്യാർഥികൾ അഭിമാനകരമായി നൽകിവരുന്ന നേതൃത്വവും സേവന മികവും നേരിൽ മനസിലാക്കിയതായി എസ്ബി കോളജ് പൂർവവിദ്യാർഥികൂടിയായ ആർച്ചുബിഷപ് പറഞ്ഞു.

അതിരൂപതയുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ കാത്തുസൂക്ഷിക്കുന്ന ഉന്നതമായ മൂല്യങ്ങൾ സംരക്ഷിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ പുതിയ നിയമനിർമാണം വഴി കേരളത്തിന്റെ വിദ്യാഭ്യാസ നയങ്ങളിൽ കാതലായ മാറ്റങ്ങൾ ആസന്നമായിരിക്കുന്നതിനാൽ മാറുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി നമ്മുടെ കോളേജുകളെ അവയുടെ തനിമയിലും പാരമ്പര്യത്തിലും നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. പൂർവവിദ്യാർഥികളുടെ സഹകരണം ഇക്കാര്യത്തിൽ അനിവാര്യമാണ്.
അമേരിക്കയിലെ പ്രമുഖ സർവകലാശാലകളുമായി സഹകരിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസരംഗത്ത് എസ്ബി - അസംപ്ഷൻ കോളജുകൾ നടത്തിവരുന്ന പാഠ്യ - പാഠ്യേതര പദ്ധതികൾ വിപുലമാക്കാൻ സമ്മേളനത്തിൽ പങ്കെടുത്ത എസ്ബി കോളേജ് പ്രിൻസിപ്പൽ റവ.ഫാ. റെജി പ്ലാത്തോട്ടം, നിയുക്ത പ്രിൻസിപ്പൽ റവ.ഫാ. റ്റെഡ്ഡി തോമസ്, മാനേജർ റവ.ഫാ. ആന്റണി ഏത്തക്കാട്ട്, പ്രഫ. സിബി ജോസഫ് എന്നിവർ അഭ്യർഥിച്ചു.
സംഘടന ദേശീയതലത്തിൽ ഏകോപിപ്പിക്കുന്നതിനുവേണ്ട കർമപരിപാടികൾ നടപ്പാക്കാൻ മാത്യു ഡാനിയേൽ (ഷിക്കാഗോ), പിന്റോ കണ്ണമ്പള്ളി (ന്യൂജഴ്സി) എന്നിവരെ യോഗം ചുമതലപ്പെടുത്തി. സമ്മേളനത്തിൽ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ഡോ. മനോജ് നേര്യംപറമ്പിൽ അധ്യക്ഷത വഹിച്ചു.
ടോം പെരുമ്പായിൽ (പ്രസിഡന്റ് ന്യൂജഴ്സി ചാപ്റ്റർ), എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രഫ. ജെയിംസ് ഓലിക്കര, കാർമൽ തോമസ്, ജെയിൻ ജേക്കബ്, ഷിബു അഗസ്റ്റിൻ, ജെയ്നമ്മ സഖറിയ, ബോബൻ കളത്തിൽ, ബിജി കൊല്ലാപുരം, തോമസ് ഡിക്രൂസ്, ജോളി കുഞ്ചെറിയ, ചെറിയാൻ മാടപ്പാട്, സെബാസ്റ്റ്യൻ വാഴേപറമ്പിൽ, ജോർജ് ഇല്ലിക്കൽ, ജോസഫ് കാളാശേരി, ജോസ്കുട്ടി പാറക്കൽ എന്നിവർ പ്രസംഗിച്ചു.