അമേരിക്കയിലും എമ്പുരാന് വെെബ്; തിയറ്ററിനെ പൂരപ്പറമ്പാക്കി ആരാധകർ
ജോർജ് തുമ്പയിൽ
Friday, March 28, 2025 3:17 PM IST
ന്യൂയോർക്ക്: അമേരിക്കയെ കൊച്ചു കേരളമാക്കി മാറ്റി "എമ്പുരാന്റെ' മാസ് എൻട്രി. ഒരു ഇന്ത്യൻ സിനിമയ്ക്കും ഇതുവരെ സൃഷ്ടിക്കാൻ കഴിയാത്ത ആവേശവുമായി നാട്ടിലെന്നതുപോലെ അമേരിക്കയിലും തിയറ്ററുകളെ പൂരപ്പറമ്പാക്കിയാണ് മോഹന്‍ലാല്‍ - പൃഥ്വിരാജ് ടീം ഒരുക്കിയ എമ്പുരാന് എത്തിയത്.
അമേരിക്കയിലും കാനഡയിലുമായി 100ലേറെ സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ സംവിധാന മികവിനും ഹോളിവുഡ് സ്റ്റൈൽ മേക്കിംഗിനും ചിത്രത്തിന് നൂറിന് മുകളില്‍ മാര്‍ക്ക് നല്‍കാമെന്നും വിലയിരുത്തുന്ന പ്രേക്ഷകരേറെ. മോഹൻലാലിന്റെ മാസ് എൻട്രിയും മുരളി ഗോപിയുടെ ഡയലോഗുകളും അമേരിക്കയിലെ തിയറ്ററുകളിൽ ആവേശപ്പൂരം തന്നെ തീർത്തു.
ശരിക്കും മലയാളത്തിൽ നിന്നൊരു അന്താരാഷ്ട്ര സിനിമ, ഗംഭീര മേക്കിംഗ്. ഇടവേളയ്ക്ക് ശേഷമുള്ള മോഹൻലാലിന്റെ സീൻ കിടിലൻ. ഇത്തരം സിനിമകൾ മലയാള സിനിമയെ ലോകനിലവാരത്തിലേക്കുയർത്തും എന്ന് ഇങ്ങനെ പോകുന്നു ന്യൂജഴ്സിയിൽ നിന്ന് ഒരു പ്രേക്ഷകന്റെ വിലയിരുത്തൽ.
എമ്പുരാൻ റിലീസ് ഡേ ആഘോഷമാക്കാൻ ആശീർവാദ് സിനിമാസ് ആവശ്യപ്പെട്ടതുപോലെ ന്യൂജഴ്സിയിലും മോഹൻലാൽ ആരാധകർ, കറുത്ത വസ്ത്രമണിഞ്ഞ് കിടിലൻ വൈബിലാണ് എത്തിയത്. പാട്ടും മേളവും ഡാൻസും പോസ്റ്ററുകളും ബാനറുകളും സ്റ്റിക്കറുകളും എല്ലാം കൂടി സംഗതി ആകെ കളറായി.

മോഹൻലാൽ ഫാൻസ് അസോസിയേഷൻ നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ഒരു ഡയറക്ടറായ റോഷിൻ ജോർജും ന്യൂജഴ്സി ചാപ്റ്ററും ചേർന്നൊരുക്കിയ "എമ്പുരാന്' റിലീസ് ഒരുക്കങ്ങൾ ന്യൂജഴ്സിയിൽ തീർത്ത ആവേശം കാണേണ്ടത് തന്നെയായിരുന്നു.
പാട്ട് പാടി മോഹൻലാൽ ജയ് വിളിച്ച് ഡാൻസ് കളിച്ച് ആഘോഷമായിട്ടായിരുന്നു ന്യൂജഴ്സിയിലെ സ്പാർട്ടയിലേക്ക് ഫാൻസിന്റെ വരവ്. അമേരിക്കൻ തിയറ്ററായിരുന്നിട്ട് കൂടി ഇടവേളയ്ക്ക് പഴം പൊരിയും നൽകിയത് ഷോ കൊഴുപ്പിച്ചു. ആദ്യഷോയിൽ ഇവിടുത്തെ മൂന്ന് തിയറ്ററുകളിലെയും എല്ലാ ഷോയും ഹൗസ് ഫുളായിരുന്നു.
എമ്പുരാന്റെ റിലീസിനോടനുബന്ധിച്ച് ടൈംസ് സ്ക്വയറിൽ വിഡിയോ വാളിൽ ചിത്രത്തിന്റെ ട്രെയിലർ മാർച്ച് 16ന് പ്രദർശിപ്പിച്ചിരുന്നു. അമേരിക്കയിലെ ലാലേട്ടൻ ഫാൻസിന്റെ ഏറ്റവും വലിയ ഈ ഒത്തുകൂടലിൽ എല്ലാവരും വെള്ള ഷർട്ടും മുണ്ടുമണിഞ്ഞാണ് പങ്കെടുത്തത്.
ആശിർവാദ് ഹോളിവുഡ് ആണ് ഈ ഒത്തുചേരൽ ഒരുക്കിയത്. റോഷിൻ ജോർജും മക്കളുമെല്ലാം ചേർന്ന് സംഗതി വേറെ ലെവലാക്കി.