വ്യാജരേഖ ചമയ്ക്കൽ: 2,000 ഇന്ത്യക്കാരുടെ വിസ അപേക്ഷ യുഎസ് എംബസി റദ്ദാക്കി
Friday, March 28, 2025 1:19 PM IST
ന്യൂഡൽഹി: വ്യാജരേഖകൾ ചമച്ചുള്ള തട്ടിപ്പ് കണ്ടെത്തിയെന്നാരോപിച്ച് 2,000 വിസ അപ്പോയിന്റ്മെന്റുകൾ ഇന്ത്യയിലെ യുഎസ് എംബസി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ ഷെഡ്യൂളിംഗ് പ്രിവിലേജ് താത്കാലികമായി റദ്ദാക്കിയെന്നും വഞ്ചനാ നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും എംബസി അധികൃതര്‍ അറിയിച്ചു.
ഇതിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തട്ടിപ്പ് വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും എംബസി വ്യക്തമാക്കി. യുഎസ് വിസ ലഭിക്കുന്നതിനായി ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, തൊഴിൽ രേഖകൾ എന്നിവയുൾപ്പെടെ വ്യാജ രേഖകൾ അപേക്ഷകരും ഏജന്റുമാരും നിർമിക്കുന്നതായി യുഎസ് എംബസി പോലീസിൽ പരാതിപ്പെട്ടിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ 21 തട്ടിപ്പു കേസുകൾ പോലീസ് കണ്ടെത്തി. വിസ അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചതിന് 31ലധികം പേര്‍ക്കെതിരേ ഡൽഹി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണു എംബസിയുടെ നടപടി.