സത്ഗമയ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി
ജോസ് കുമ്പിളുവേലില്‍
Tuesday, January 28, 2025 12:24 PM IST
ഡബ്ലിന്‍: അയര്‍ലൻഡിലെ ആദ്യ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ നേതൃതത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. കൊടുംതണുപ്പിനെപ്പോലും അവഗണിച്ച് വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം അയ്യപ്പഭക്തരുടെ ശരണം വിളികളാല്‍ മുഖരിതമായ ക്ഷേത്രാങ്കണം മറ്റൊരു അയ്യപ്പസന്നിധാനമായി മാറുകയായിരുന്നു.
ശബരിമലക്ഷേത്രത്തിന്റെ മാതൃകയില്‍ നിര്‍മിച്ച ക്ഷേത്രവും കൊടിമരവും പതിനെട്ടാം പടിയും ഇതുവരെ അയര്‍ലൻഡ് കാണാത്ത ഒരു മകരവിളക്ക് മഹോത്സവത്തിനാണ് സത്ഗമയ ഈ വര്‍ഷം വേദിയൊരുക്കിയത്.
ഭക്തകണ്ഠങ്ങളില്‍ നിന്നൊരേസ്വരത്തിലുയര്ന്ന "സ്വാമിയേ ശരണമയ്യപ്പാ' എന്ന ശരണഘോഷങ്ങള്‍, ജാതിയും മതവും മറന്നു മനുഷ്യനൊന്നാണെന്ന സത്യം ഏഴുകടലുകള്ക്കിപ്പുറവും പ്രവാസികള്‍ ഉറക്കെ വിളിച്ചോതുന്ന അപൂര്‍വ കാഴ്ചയാണ് ദൃശ്യമായത്.
ഡബ്ലിന്‍ വിഎച്ച്സിസിഐ ക്ഷേത്രത്തില്‍ രാവിലെ ബ്രഹ്മശ്രീ ഇടശേരി രാമന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന കൊടിയേറ്റ് ചടങ്ങോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഉഷപൂജ, നെയ്യഭിഷേകം, പൂരുഷസൂക്തം, ഭാഗ്യസൂക്തം, നീരാഞ്ജനം, ഉച്ചപൂജ, പടിപൂജ, പടിപ്പാട്ട് എന്നിവയില്‍ പങ്കുചേര്‍ന്ന് മഹാദീപാരാധനയും മകരവിളക്കും കണ്ട് അയ്യപ്പഭക്തര്‍ ദര്‍ശന സായൂജ്യം നേടി.
പൂജകള്‍ക്ക് അകമ്പടിയായി നടന്ന സത്ഗമയ ഭജന്‍സിന്റെ മുതിര്‍ന്നവരുടെയും കുട്ടികളുടെയും ഭക്തിഗാനസുധ ക്ഷേത്രാങ്കണം ഭക്തിസാന്ദ്രമാക്കി. കഴിഞ്ഞ വര്‍ഷം അയര്‍ലൻഡില്‍ അയ്യപ്പസ്വാമിക്കായ് സമര്‍പ്പിച്ച "അയ്യാ എന്നയ്യാ' എന്ന ഭക്തിഗാനത്തിന്റെയും മറ്റു ഭക്തിഗാനങ്ങളുടെയും നൃത്താവിഷ്കാരവും ചിന്തുപാട്ടും സപ്തസ്വര ടീം പ്രസ്തുത വേദിയില്‍ അവതരിപ്പിച്ചത് ആഘോഷ പരിപാടികള്‍ക്ക് കൂടുതല്‍ ചാരുത പകര്‍ന്നു.
ശബരിമല മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കൈ എടുത്ത പ്രിയന് ഇലവുങ്കല്‍, രമ്യാ പ്രിയന്, നിധിന് മോഹനന് എന്നിവരെ വേദിയില്‍ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന പ്രസാദവിതരണത്തോടെയും അന്നദാനത്തോടെയും ആഘോഷപരിപാടികള്‍ സമംഗളം പര്യവസാനിച്ചു.
ആഘോഷപരിപാടികള്‍, വേദ ഹിന്ദു കൾച്ചറൽ സെന്റർ അയർലൻഡ് Dw ITWAയുമായി ചേര്‍ന്ന് സംയുക്തമായാണ് ഈ വര്‍ഷം നടത്തിയത്. സത്ഗമയുടെ തുടര്‍ പരിപാടികളില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക 0873226832, 0877818318, 0871320706.