ജലന്ധർ രൂപതയുടെ നിയുക്ത ബിഷപ്പിനു വടക്കഞ്ചേരിയുമായി അടുത്ത ബന്ധം
1573907
Tuesday, July 8, 2025 1:19 AM IST
വടക്കഞ്ചേരി: പഞ്ചാബിലെ ജലന്ധർ രൂപതയുടെ നിയുക്ത ബിഷപ്പ് മോൺ.ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനു വടക്കഞ്ചേരിയുമായി അടുത്ത ബന്ധം.
വടക്കഞ്ചേരി ഫൊറോന പള്ളിയിലെ മുൻവികാരി ഫാ. ജോസ് പൊട്ടേപറമ്പിലിന്റെ കാലംമുതൽ 25 വർഷത്തിലേറെയായി ബിഷപ്പിന് വടക്കഞ്ചേരിയും പള്ളിയുമായും ബന്ധമുണ്ട്.
ബിഷപ്പിന്റെ ഒരു സഹോദരൻ സാക്ഷരതാ മിഷൻ തൃശൂർ ജില്ലാ കോ- ഓർഡിനേറ്റർ കൂടിയായ ഡോ. മനോജ് സെബാസ്റ്റ്യൻ വടക്കഞ്ചേരി ലൂർദ് മാതാ ഇടവകാംഗമാണെന്നതും വടക്കഞ്ചേരിയുമായി കൂടുതൽ അടുക്കാനുള്ള കാരണമായി.
മിക്കവാറും എല്ലാവർഷവുംതന്നെ ബിഷപ് വടക്കഞ്ചേരിയിൽ വരാറുണ്ടെന്നു മനോജ് പറഞ്ഞു. വരുമ്പോഴൊക്കെ വടക്കഞ്ചേരി ഫൊറോന പള്ളിയിൽ ദിവ്യബലിയർപ്പിക്കുകയും ഇടവകാംഗങ്ങളുമായി സൗഹൃദം പങ്കുവയ്ക്കുകയും ഇടവകയിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്യും.
വടക്കഞ്ചേരിയിൽ വന്നാൽ മേലാർക്കോടും നെന്മാറയിലുമുള്ള കുടുംബബന്ധങ്ങൾ പുതുക്കിയാണ് തിരിച്ചുപോവുക. പാലക്കാട് രൂപതയിലെ ബിഷപ്പുമാരുമായും ബന്ധം പുലർത്തിയിരുന്നു.
ഈ മാസം 12ന് രാവിലെ പത്തിനു ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസിൽ നടക്കുന്ന മെത്രാഭിഷേക തിരുകർമങ്ങളിൽ പങ്കെടുക്കാനും വടക്കഞ്ചേരിക്കാരുടെ സന്തോഷം കൈമാറാനുമായി വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന വികാരി ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ, ഒലിപ്പാറ പള്ളിവികാരി ഫാ. സേവ്യർ വളയത്തിൽ, കത്തോലിക്ക കോൺഗ്രസ് രൂപത ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ ഉൾപ്പെടെ മനോജും കുടുംബവുമടങ്ങുന്ന സംഘം ബുധനാഴ്ച രാവിലെ ജലന്ധറിലേക്കുപോകും.
വടക്കഞ്ചേരിയിലെ മുൻവികാരി ഫാ. ജെയ്സൺ കൊള്ളന്നൂരും ജലന്ധറിലെത്തും.
പാലക്കാട് രൂപതയിൽനിന്നും പഞ്ചാബിൽ മിഷൻ പ്രവർത്തനം നടത്തിവരുന്ന വൈദികരും ജലന്ധർ രൂപതയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമുള്ള വടക്കഞ്ചേരി ഇടവകാംഗം നിക്സൺ അബ്രഹാം തോലാനിക്കലും മെത്രാഭിഷേക ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.
വലിയ ദൈവാനുഗ്രഹത്തിന്റെ സന്തോഷത്തിലാണ് മനോജിന്റെ കുടുംബത്തോടൊപ്പം വടക്കഞ്ചേരി ഇടവകക്കാരും. വടക്കഞ്ചേരിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മോൺ. ജോസച്ചൻ ബിഷപ് ആകുന്നതിൽ സന്തോഷങ്ങളും ചെറുതല്ല.
ജലന്ധർ രൂപതയുടെ ഫിനാൻഷ്യൽ അഡ്മിനി്ട്രേറ്ററായി സേവനം ചെയ്തുവരുന്ന മോൺ ഡോ. തെക്കുംചേരികുന്നേൽ അവിടുത്തെ മേജർ സെമിനാരിയിലെ വിസിറ്റിംഗ് പ്രഫസർ കൂടിയാണ്. 1991 മുതൽ ജലന്ധർ രൂപതയിൽ വിവിധ സ്ഥാനങ്ങളിൽ വൈദികനായി സേവനം ചെയ്തു വരികയാണ്.
പഞ്ചാബിലെ 14 ജില്ലകൾക്കു പുറമെ ഹിമാചൽപ്രദേശിലെ നാലു ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന വലിയ ഭൂപ്രദേശമാണ് ജലന്ധർ രൂപത.
പാലാ കാളക്കെട്ടി തെക്കുംചേരിക്കുന്നേൽ പരേതനായ ദേവസ്യ - ഏലിക്കുട്ടി ദമ്പതികളുടെ പത്തുമക്കളിൽ ആറാമത്തെയാളാണ് നിയുക്ത ബിഷപ്. വള്ളിയോട് പടിഞ്ഞാറെക്കാടാണ് പത്തുമക്കളിലെ ഒമ്പതാമത്തെയാളായ മനോജും കുടുംബവും താമസിക്കുന്നത്.
ഭാര്യ കുറ്റിക്കാടൻ കുടുംബാംഗം ലിറ്റി,മംഗലം ഗാന്ധി സ്മാരക യുപി സ്കൂളിലെ അധ്യാപികയാണ്.
മക്കളിൽ മൂത്തയാൾ ഡോ. ലിസ ബിഡിഎസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്നു. ഇളയ മകൾ ലിൻഡ അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽ എംബിബിഎസ് ഒന്നാംവർഷ വിദ്യാർഥിനിയാണ്.