അങ്കണവാടി വർക്കർ നിയമനത്തിൽ ക്രമക്കേടെന്ന് പരാതി
1573897
Tuesday, July 8, 2025 1:19 AM IST
ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിലേക്കുള്ള വർക്കർമാരുടെ നിയമനത്തിൽ വ്യാപകമായ ക്രമക്കേട് ഉള്ളതായി പരാതി. 548 പേർ പങ്കെടുത്ത ഇന്റർവ്യൂവിൽ നിന്നും 62 പേരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഈ ലിസ്റ്റിലാണ് അഴിമതിയും സ്വജനപക്ഷപാതവും ഉള്ളതായി കാണിച്ച് രാഷ്ട്രീയപാർട്ടിക്കാരും ഉദ്യോഗാർഥികളും രംഗത്തുവന്നത്.
മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തി യുഡിഎഫ് അനുഭാവികളെ ആദ്യ പേരുകാരാക്കിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് സിപിഎം ആരോപിച്ചു. മുൻപരിചയം ഉള്ളവർ, അങ്കണവാടിക്ക് സ്ഥലം നൽകിയവർ, വിധവകൾ, പട്ടികജാതിക്കാർ തുടങ്ങിയ അർഹത മാനദണ്ഡങ്ങൾ ലംഘിച്ച് ഇന്റർവ്യൂ ബോർഡിലുള്ള മുസ്ലിം ലീഗ് നേതാവിന്റെ കുടുംബക്കാരെ ആദ്യ പേരുകാരായി നൽകിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നും സിപിഎം ആരോപിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ തയ്യാറാക്കിയ ലിസ്റ്റ് റദ്ദാക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് തെങ്ങിൻതോട്ടം ആവശ്യപ്പെട്ടു. നിലവിലെ ലിസ്റ്റുമായി മുന്നോട്ടു പോയാൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരാതികൾ പരിഹരിക്കണം
ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഉദ്യോഗാർഥികളുടെ പരാതികൾ പരിഹരിക്കണമെന്നും ലിസ്റ്റ് പുനഃപരിശോധിക്കണമെന്നും മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്റർവ്യു ബോർഡിൽ ഒരാൾ മാത്രമാണ് മുസ്ലിംലീഗ് നേതൃനിരയിൽ നിന്നുള്ളത്. ബാക്കിയുള്ളവർ പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമാണ്. റാങ്ക് ലിസ്റ്റിൽ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടു പോവണമെന്നും മുസ്ലിംലീഗ് കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.ഹംസ, ജനറൽ സെക്രട്ടറി പി.മുഹമ്മദ് അലി എന്നിവർ ആവശ്യപ്പെട്ടു.
ആരോപണങ്ങൾ തെറ്റിദ്ധാരണാജനകം: പഞ്ചായത്ത് പ്രസിഡന്റ്
ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ അങ്കണവാടി വർക്കർ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ആരോപണങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഹനീഫ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിയാണ് അങ്കണവാടി വർക്കർമാർക്കുള്ള ഇന്റർവ്യൂ നടത്തിയത് എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. 9 അംഗ ഇന്റർവ്യു ബോർഡിൽ ഭരണസമിതിയിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലക്ക് താൻ മാത്രമാണ് അംഗമായിട്ടുള്ളത്.
മറ്റുള്ള അംഗങ്ങൾ പ്രമുഖ രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമാണ്. ഉദ്യോഗാർഥികളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാർക്ക് ലിസ്റ്റ് ഐസിഡിഎസ് അധികാരികളെ ഏൽപ്പിച്ചു. അവരാണ് മാർക്ക് ക്രോഡീകരിച്ച് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിനെതിരേയും ഭരണസമിതിക്കെതിരേയും ഉള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം ആണെന്ന് പ്രസിഡന്റ് പറഞ്ഞു.