ഹൈടെക് മാർക്കറ്റ് കർഷകർക്ക് വൻസാധ്യതകൾ തുറക്കും: മന്ത്രി
1573895
Tuesday, July 8, 2025 1:19 AM IST
പാലക്കാട്: ഹൈടെക് മാർക്കറ്റ് കർഷകർക്ക് വലിയ സാധ്യതകൾ തുറക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. പെരുമാട്ടിയിൽ ഹൈടെക് മാർക്കറ്റ് ആൻഡ് അഗ്രോ പ്രൊസസിംഗ് യൂണിറ്റ് നിർമാണോദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കർഷകർക്ക് ന്യായവില ഉറപ്പാക്കാനും കാർഷികമേഖലക്ക് ഉണർവേകാനും പദ്ധതിയിലൂടെ കഴിയും.
മൊത്തവ്യാപാര മാർക്കറ്റ്, കാർഷിക ഉത്പന്നങ്ങളുടെ തരംതിരിക്കൽ, പാക്കിംഗിനുള്ള കേന്ദ്രം, മൂല്യവർധിത കാർഷിക ഉത്പന്നങ്ങൾക്കുള്ള കേന്ദ്രം എന്നീ സൗകര്യങ്ങൾ ഹൈടെക് മാർക്കറ്റിലൂടെ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
മായം കലർത്താത്ത കൃഷിരീതി നടപ്പിലാക്കി പദ്ധതി മുന്നോട്ടുകൊണ്ടുപോകണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. പ്രാദേശിക കാർഷികോത്പന്നങ്ങൾക്ക് പുതിയ വിപണി സാധ്യതകളും കർഷകർക്ക് മികച്ച വരുമാനവുമാണ് ഹൈടെക് മാർക്കറ്റ് ആൻഡ് അഗ്രോ പ്രൊസസിംഗ് യൂണിറ്റിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പ്രാദേശിക കർഷകരുടെ ഉന്നമനം, ഗുണമേന്മയുള്ള കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനം, കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ, കാർഷിക വിഭവങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ കയറ്റുമതി ചെയ്യാനുള്ള സാധ്യതകളെല്ലാം ഹൈടെക് മാർക്കറ്റിലൂടെ സാധ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.ബാബു എംഎൽഎ മുഖ്യാതിഥിയായി. ചീഫ് എൻജിനീയർ കെ.ജി. സന്ദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. 2020-21 സാന്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി 10 കോടി രൂപ വിനിയോഗിച്ചാണ് ഹൈടെക് മാർക്കറ്റ് ആൻഡ് അഗ്രോ പ്രൊസസിംഗ് യൂണിറ്റിന്റെ ഒന്നാംഘട്ട നിർമാണ പ്രവർത്തനം നടത്തുന്നത്.