കയറാടി മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം നിലച്ചിട്ടു മൂന്നുമാസം
1573642
Monday, July 7, 2025 2:15 AM IST
നെന്മാറ: അയിലൂർ കയറാടി മൃഗാശുപത്രിയിൽ മൃഗഡോക്ടറുടെ സേവനം നിലച്ചിട്ടു മൂന്നുമാസം കഴിഞ്ഞു.
അയിലൂർ പഞ്ചായത്തിലെ കാലിവളർത്തൽകാരുടെ പ്രധാന ചികിത്സാകേന്ദ്രമായിരുന്നു കയറാടിയിൽ പ്രവർത്തിച്ചിരുന്ന മൃഗാശുപത്രി.
അയിലൂർ പഞ്ചായത്തിലെ ഏക മൃഗാശുപത്രിയാണ് കയറാടിയിൽ സ്ഥിതിചെയ്യുന്നത്. പ്രദേശത്തെ അടിപ്പെരണ്ട, കല്ലംപറമ്പ്, മാങ്കുറശ്ശി, കയറാടി, അയിലൂർ എന്നീ അഞ്ചു ക്ഷീരസഹകരണ സംഘങ്ങളിലെ കർഷകർ പ്രധാനമായും ആശ്രയിച്ചിരുന്ന കേന്ദ്രമാണിത്. നിലവിൽ അത്യാവശ്യമരുന്നുവിതരണവും കുത്തിവയ്പ്പുകളും മാത്രം നടത്താൻ ഒരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറുടെ സേവനം മാത്രമാണ് നിലവിൽ ലഭ്യമായിരിക്കുന്നത്.
ക്ഷീരകർഷകരുടെ ഉരുക്കളുടെ ചികിത്സയും ഗൃഹസന്ദർശനവും, പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന വിവിധ മൃഗസംരക്ഷണ പദ്ധതികളുടെ നടത്തിപ്പും ആനുകൂല്യ വിതരണവും നടത്തേണ്ട സ്ഥാപനമാണ് ഡോക്ടർ ഇല്ലാത്തതു മൂലം ബുദ്ധിമുട്ടിലായത്. ക്ഷീരകർഷകർ പശു, എരുമ എന്നിവയുടെ പ്രസവ ചികിത്സയ്ക്കുപകരം സംവിധാനം ഇല്ലാതെ വലയുകയാണ്.
സ്ഥലംമാറിയ ഡോക്ടർക്കു പകരം പുതിയ ഡോക്ടറെ നിയമിച്ചില്ല. പോത്തുണ്ടി മൃഗാശുപത്രി ഡോക്ടർക്കാണ് അധിക ചുമതല. ആഴ്ചയിൽ ഒരിക്കൽ ഡോക്ടർ എത്തണമെന്നാണ് ഉത്തരവെങ്കിലും ഡോക്ടറുടെ സേവനം അപൂർവ്വം.
മുൻ ഡോക്ടർ സ്ഥലംമാറ്റംവാങ്ങി പോകുമ്പോഴാണ് 15 കിലോമീറ്റർ അകലെയുള്ള പോത്തുണ്ടി മൃഗാശുപത്രി ഡോക്ടർക്കു അധിക ചുമതല നൽകിയത്.