മാലിന്യപ്രശ്നത്തിനു പരിഹാരമില്ല
1573903
Tuesday, July 8, 2025 1:19 AM IST
വടക്കഞ്ചേരി: ടൗണിൽ കിഴക്കഞ്ചേരി റോഡിലുള്ള തിരക്കേറിയ ബസ് കാത്തിരിപ്പുകേന്ദ്രത്തിനുമുന്നിൽ പുഴുനിറഞ്ഞ മാലിന്യക്കൂമ്പാരം ഒഴിവാക്കാൻ നടപടിയായില്ല.
മഴ പെയ്യുമ്പോൾ വെള്ളത്തിലൂടെ ഈ മാലിന്യകൂമ്പാരത്തിൽ നിന്നുള്ള അഴുക്കുവെള്ളം ബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിലൂടെ ഒഴുകും.
ദുർഗന്ധവും പുഴുക്കളും ഈച്ചയുമായുള്ള ഈ മലിനജലത്തിൽ ചവിട്ടി കടന്നുവേണം യാത്രക്കാർക്ക് ബസിൽ കയറിപ്പറ്റാൻ. മാലിന്യച്ചാക്കുകൾ തള്ളുന്നതും ഇപ്പോൾ ഇവിടെയായി.
അഴുക്കുചാലുകൾ യഥാസമയം വൃത്തിയാക്കാത്തതിനാൽ മലിനജലം മുഴുവൻ റോഡിൽ പരന്നൊഴുകാൻ കാരണമാവുകയാണ്. ബസ് കാത്തിരിപ്പുകേന്ദ്രം മാലിന്യക്കൂമ്പാരമായതോടെ യാത്രക്കാർ മുന്നോട്ടും പിറകോട്ടും മാറിനിന്നാണ് ബസിൽ കയറുന്നത്.