പാലക്കയം ഇരുന്പാമുട്ടി പുഴയിൽ കാട്ടാനയുടെ അഴുകിയ ജഡം
1573905
Tuesday, July 8, 2025 1:19 AM IST
കല്ലടിക്കോട്: പാലക്കയം തരിപ്പപ്പതിയിൽ ഇരുമ്പാമുട്ടിപുഴയിൽ ആനയുടെ അഴുകിയ ജഡം കണ്ടെത്തി. ജഡത്തിനു നാലുദിവസം പഴക്കമുണ്ട്.
പുഴയിലൂടെ ഒഴുകിവന്ന് കല്ലിൽ തടഞ്ഞുനിൽക്കുന്ന നിലയിലാണ് ജഡം കണ്ടെത്തിയത്. കാൽവഴുതി പുഴയിൽ വീണതാണെന്നു സംശയിക്കുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും നടപടികൾ സ്വീകരിക്കാൻ സാധിച്ചില്ല.
പുഴയിലെ വെള്ളവും പ്രതികൂല കാലാവസ്ഥയുംമൂലം ജഡം പുഴയിൽനിന്ന് കരയ്ക്കെത്തിക്കാൻ സാധിച്ചിട്ടില്ല. കാഞ്ഞിരപ്പുഴ ഡാമിലേക്കാണ് പുഴയൊഴുകുന്നത്.
കുടിവെള്ള പന്പിംഗിനായി ഉപയോഗിക്കുന്ന പുഴവെള്ളം കൂടിയായതിനാൽ എത്രയുംവേഗം കാട്ടാനയുടെ ജഡം പുറത്തെടുത്തു സംസ്കരിക്കണമെന്ന് ആവശ്യം ശക്തമാണ്. കുറെ നാളുകളായി പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമായിരുന്നു. ഇന്നലെയും പാലക്കയം അച്ചലേട്ടി ഭാഗത്ത് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ എത്തിയിരുന്നു.