മണ്ണാർക്കാട് നഗരസഭയിൽ ആയുർവേദ ഡിസ്പെൻസറി കെട്ടിടമൊരുങ്ങി
1573906
Tuesday, July 8, 2025 1:19 AM IST
മണ്ണാർക്കാട്: നഗരസഭയിൽ ആധുനിക സംവിധാനങ്ങളുള്ള സർക്കാർ ആയുർവേദ ഡിസ്പെൻസറി കെട്ടിടം ഒരുങ്ങി.
മുക്കണ്ണം പാലത്തിനു സമീപമാണ് ഇരുനിലകളുള്ള കെട്ടിടം ഒരുങ്ങിയത്. കിടത്തിച്ചികിത്സ, ഉഴിച്ചിൽ തുടങ്ങിയവയെല്ലാം ഇനി പുതിയ കെട്ടിടത്തിൽ തുടങ്ങാനാവും.
നിലവിൽ മുൻസിപ്പൽ ബസ് സ്റ്റാന്റിനകത്തെ കെട്ടിടത്തിൽ ശോചനീയാവസ്ഥയുടെ നടുവിലാണ് ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്. മണ്ണാർക്കാട് പഞ്ചായത്തായിരിക്കെ പുതിയ കെട്ടിടത്തിനുവേണ്ടി മുറവിളി ആരംഭിച്ചതാണ്.
നഗരസഭയായതോടെ ആശുപത്രി കെട്ടിടത്തിനു രണ്ടുകോടിരൂപ മാറ്റിവയ്ക്കുകയായിരുന്നു. സർക്കാർ അനുമതി നൽകുകയാണെങ്കിൽ പുതിയ കെട്ടിടത്തിൽ ആയുർവേദ മൾട്ടി സ്പെഷാലിറ്റി ആശുപത്രിതന്നെ തുടങ്ങുമെന്നു നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ ദീപികയോടു പറഞ്ഞു.
നഗരസഭയുടെ സ്വപ്നപദ്ധതിയാണു ആയുർവേദ ആശുപത്രിയെന്നും ആയിരക്കണക്കിനു രോഗികൾക്ക് ഇതു ഉപകാരപ്രദമാവുമെന്നും ചെയർമാൻ പറഞ്ഞു. ടിപ്പുസുൽത്താൻ റോഡുകൂടി നവീകരിച്ചതോടെ നഗരത്തിൽനിന്നും അഞ്ചുമിനിറ്റിനുള്ളിൽ ആശുപത്രിയിൽ എത്താനാവും. രാജീവ് ഗാന്ധി സ്മാരക സർക്കാർ ആയുർവേദ ഡിസ്പെൻസറി എന്നാണ് പുതിയ കെട്ടിടത്തിനു പേര് നൽകിയിരിക്കുന്നത്.