വിളയൂർ സ്പെഷൽ അങ്കണവാടിയിൽ ഇനി ചൈൽഡ് തെറാപ്പി സെന്ററും
1572760
Friday, July 4, 2025 5:46 AM IST
പട്ടാന്പി: വിളയൂർ സ്പെഷ്യൽ അങ്കണവാടിയിൽ ചൈൽഡ് തെറാപ്പിയും തുടങ്ങി. സെന്ററിന്റെ ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിച്ചു.
വിളയൂർ ഗ്രാമപഞ്ചായത്തിന്റെ 202- 25 സാന്പത്തിക വർഷത്തിലെ പ്രത്യേക അങ്കണവാടി പ്രോജ്കറ്റിൽ ഉൾപ്പെടുത്തി നാലുലക്ഷംരൂപ വകയിരുത്തിയാണ് ചൈൽഡ് തെറാപ്പി സെന്റർ സജ്ജമാക്കിയത്. സ്പീച്ച് ഫിസിയോ തെറാപ്പി തുടങ്ങിയവയുടെ സഹായം ആവശ്യമുള്ള ഭിന്നശേഷി കുട്ടികൾക്കായി തെറാപ്പിസ്റ്റുകളുടെയും സ്പെഷ്യൽ എഡ്യൂക്കേറ്ററുടെയും സേവനം ചൈൽഡ് തെറാപ്പി സെന്ററിൽ ലഭിക്കും.
സ്പീച്ച് തെറാപ്പിസ്റ്റിന്റെ സേവനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് ലഭിക്കുക.
കൂടാതെ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ മറ്റു ഭിന്നശേഷി കുട്ടികളെ അവരുടെ വീടിനടുത്തുള്ള അങ്കണവാടികളിൽ എത്തിച്ചാൽ അവിടെയും തെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാക്കുന്നതാണ്. പത്തുവയസുവരെയുള്ള കുട്ടികൾക്കായിരിക്കും തെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാകുക. ഇതുവരെ 14 കുട്ടികളാണ് ചൈൽഡ് തെറാപ്പി സെന്ററിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരിപാടിയിൽ വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബേബി ഗിരിജ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.പി. നൗഫൽ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, ഐസിഡിഎസ് സൂപ്പർവൈസർ കെ. ജയശ്രീ എന്നിവർ പങ്കെടുത്തു.