ശിശുവികസനവകുപ്പിന്റെ വാഹനങ്ങൾ കൂട്ടത്തോടെ കട്ടപ്പുറത്ത്
1546419
Tuesday, April 29, 2025 1:55 AM IST
ഒറ്റപ്പാലം: വനിതാ-ശിശുവികസന വകുപ്പിന്റെ വാഹനങ്ങൾ കൂട്ടത്തോടെ കട്ടപ്പുറത്ത്.
കാലാവധികഴിഞ്ഞ് ഉപയോഗശൂന്യമായ 71 വാഹനങ്ങളാണ് ഇപ്പോൾ കട്ടപ്പുറത്തുള്ളത്.
കേന്ദ്രസർക്കാരിന്റെ പൊളിക്കൽനയപ്രകാരം സർക്കാർവാഹനങ്ങളുടെ കാലാവധി 15 വർഷമായി നിജപ്പെടുത്തിയതോടെയാണ് ഇത്രയും വാഹനങ്ങൾ ഉപയോഗിക്കാനാവാത്തത്.
പഴയതിനുപകരം പുതിയ വാഹനങ്ങൾ ഇതുവരെ അനുവദിച്ചിട്ടില്ല. ഇതോടെ ഓഫീസുകളിൽ ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാൻ വാഹനങ്ങളില്ല.
താത്കാലികമായി കരാറടിസ്ഥാനത്തിൽ വാഹനങ്ങൾ ഏർപ്പാടാക്കാനാണ് വകുപ്പ് ഓരോ ഓഫീസിനും നൽകിയിട്ടുള്ള നിർദേശം. ഐസിഡിഎസ് പ്രോജക്ട് ഓഫീസുകളിലെ 62 വാഹനങ്ങളും ഐസിഡിഎസ് സെല്ലുകളിലെ ഒമ്പത് വാഹനങ്ങളുമാണ് കാലാവധി പൂർത്തിയായതോടെ കട്ടപ്പുറത്തായത്.
ഇതിൽ ഭൂരിഭാഗവും സാങ്കേതിക പ്രശ്നങ്ങളില്ലാത്തവയാണ്.
പുതിയ വാഹനങ്ങൾ അനുവദിക്കാൻ കാലതാമസമുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് കരാറടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകയ്ക്കെടുക്കാൻ വകുപ്പ് ഉത്തരവിറക്കിയത്.
നിലവിൽ ഡ്രൈവർ തസ്തികയില്ലാത്ത 32 ഐസിഡിഎസ് പ്രോജക്ട് ഓഫീസുകളിലുൾപ്പെടെ 71 ഓഫീസിലും കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്കെടുക്കാനാണ് തീരുമാനം.