എന്റെ കേരളം പ്രദർശന വിപണനമേളയിൽ കാണികളെ കാത്ത് വിവിധ സൗകര്യങ്ങൾ
1546417
Tuesday, April 29, 2025 1:55 AM IST
പാലക്കാട്: ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പ് മേയ് നാലുമുതൽ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപത്തെ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ കാണികളെ കാത്ത് നിരവധി സൗകര്യങ്ങൾ.
വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും കൊമേഴ്സ്യൽ സ്റ്റാളുകളുമുൾപ്പടെ 250 ഓളം ശീതികരിച്ച സ്റ്റാളുകൾ എന്റെ കേരളം പ്രദർശന വിപണനമേളയുടെ ഭാഗമാകും. പ്രവേശനം സൗജന്യമാണ്. പാർക്കിംഗ് സൗകര്യവും ലഭ്യം.
ആധാർകാർഡ്
മേളയിൽ സൗജന്യമായി ആധാർ എടുക്കാനും പുതുക്കാനും സൗകര്യമൊരുക്കി ഐടി വിഭാഗത്തിന്റെ സ്റ്റാൾ. കൂടാതെ ഐടി വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള ക്വിസ് മത്സരവും ഒരുക്കുന്നു.
ആധാർ രജിസ്ട്രേഷനായി പാസ്പോർട്ട്, പാൻകാർഡ്, വോട്ടർ ഐ.ഡി, ബാങ്ക് പാസ്സ്ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയിൽ ഏതെങ്കിലും ഒരു രേഖ നൽകണം. നിലവിലെ ആധാർ കാർഡിലുള്ള വിവരങ്ങളിൽ മാറ്റം വരുത്താനും പുതുക്കാനും മേളയിൽ സാധിക്കും. ഫോണ്‍ നന്പർ ചേർക്കുന്നതിന് ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും ആധാർ നന്പറും നിലവിലെ ആധാർ കാർഡും നൽകണം.
അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ആധാർ എടുക്കുന്നതിന് കുട്ടിയുടെ ജനനസർട്ടിഫിക്കറ്റും അച്ഛന്റെയോ അമ്മയുടെയോ അസൽ ആധാറും ബയോമെട്രിക് ഇംപ്രഷനും വേണം.
കൂടാതെ സ്വന്തമായി ഡിജിലോക്കർ സംവിധാനം തുടങ്ങാനും സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ഡിജിലോക്കറിലേക്ക് ഉൾപ്പെടുത്താനുള്ള സജ്ജീകരണവും മേളയിൽ ഐടി വിഭാഗം ഒരുക്കും.
സ്കൂൾവിപണി
മേളയിൽ കണ്‍സ്യൂമർഫെഡ് സ്കൂൾ വിപണി ഒരുക്കും. പൊതു വിപണിയേക്കാൾ വിലക്കുറവിൽ സ്കൂൾ സാധനങ്ങൾ മേളയിൽ ലഭിക്കും. എംആർപി നിരക്കിൽ നിന്നും 25 ശതമാനം വിലക്കിഴിവിലാണ് സ്കൂൾ വിപണിയുടെ സ്റ്റാളുള്ളത്. വിദ്യാർഥികൾക്കാവശ്യമായ ബാഗ്, പുസ്തകം, പേന തുടങ്ങി എല്ലാ സാധനങ്ങളും സ്റ്റാളിൽ ഒരുക്കും. കണ്‍സ്യൂമർഫെഡ് ഉത്പന്നമായ ത്രിവേണി നോട്ട് പുസ്തകങ്ങൾക്ക് പ്രത്യേക വിലക്കിഴിവുമുണ്ട്.
ആർക്കും പാടാം
മേളയിൽ ആർക്കും പാടാനുളള സിങ്ങിംഗ് പോയിന്റ് ശ്രദ്ധേയമാകും. ജില്ലാ ഇൻഫർമേഷൻ ഓഫീസാണ് പാടാൻ കഴിയുന്നവർക്ക് വേദിയൊരുക്കുന്നത്.
സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് എതിർവശ ത്താണ് മേള നടക്കുക. സിങ്ങിംഗ് പോയിന്റിൽ സൗണ്ട് ബോക്സ്, സ്റ്റേജ് മോണിറ്റർ, മൈക്ക്, മിക്സ്ചർ തുടങ്ങിയ ഉപകരണങ്ങൾ സ്ഥാപിക്കും. യുവാക്കളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ടാണ് സിങ്ങിംഗ് ഇതിലൂടെ പ്രൊഫഷണൽ ഗായകർ മുതൽ തുടക്കക്കാർക്ക വരെ പ്രായഭേദമന്യേ ആർക്കും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ അവസരമൊരുങ്ങും.
മേളയിലെത്തിയാൽ സൗജന്യ ഫിഷ് സ്പായും ആസ്വദിക്കാം. ഫിഷറീസ് വകുപ്പാണ് സൗജന്യ ഫിഷ് സ്പാ ഒരുക്കുന്നത്.