നെന്മാറ, അയിലൂർ മേഖലകളിൽ പച്ചക്കറികൃഷിക്ക് ഒരുക്കം
1545944
Sunday, April 27, 2025 6:37 AM IST
നെന്മാറ: പച്ചക്കറികൃഷിക്കു നിലമൊരുക്കൽ ആരംഭിച്ചു. പ്രമുഖ പച്ചക്കറി ഉത്പാദന മേഖലകളായ അയിലൂർ, പാളിയമംഗലം, നെന്മാറ, വിത്തനശേരി, കണ്ണോട്, എലന്തംകുളമ്പ് മേഖലകളിലാണ് പച്ചക്കറി കൃഷിക്കായി പ്രാഥമികപണികൾ ആരംഭിച്ചത്.
മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഒരുമാസത്തോളം വൈകിയാണ് ഇക്കുറി കൃഷിപ്പണികൾ ആരംഭിക്കാൻ കഴിഞ്ഞത്. തുടർച്ചയായ വേനൽ മഴ മൂലം പച്ചക്കറി കൃഷിയിറക്കുന്ന പാടങ്ങളിൽ വെള്ളംനിറഞ്ഞതിനാലാണ് ഒരുമാസത്തോളം പണികൾ വൈകിയത്.
പാവൽ, പടവലം, പയർ, ചീര, വഴുതിന, വെണ്ട കൃഷികൾക്കായുള്ള ഉറവുചാലുകളും തടങ്ങളും വാരങ്ങളും എടുക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. മുൻവർഷങ്ങളിൽ മാർച്ച് അവസാനം പണിയാരംഭിച്ച് വേനലിൽ നനച്ചു മേയ് ആദ്യവാരം വിളവെടുപ്പിനു സജ്ജമാവുമായിരുന്നു.
റോട്ടോ വേറ്റർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് നിലം ഉഴുതുമറിച്ച് ഉണക്കിപ്പൊടിച്ച ചാണകം, ആട്ടിൻകാഷ്ടം, കോഴിക്കാഷ്ടം, ചുണ്ണാമ്പ് എന്നിവ ചേർത്ത് മണ്ണുപാകപ്പെടുത്തിയാണ് പച്ചക്കറിവിത്തുകൾ നടുന്നത്.
മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടും ഉറവുവെള്ളവും ഒഴിവാക്കുന്നതിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് നീർച്ചാലുകൾ നിർമിക്കുന്നത്. ഇപ്പോൾ വിത്തിട്ട് തുടങ്ങുന്ന പച്ചക്കറി വിളകൾ വിളവെടുപ്പിനു 40-45 ദിവസമെങ്കിലും വേണ്ടിവരുമെന്ന് കർഷകനായ പാളിയമംഗലത്തെ ബേബി മറ്റത്തിൽ പറഞ്ഞു. അത്യുൽപാദനശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങളിൽപ്പെട്ട വിത്തുകളാണ് നടാൻ ഉപയോഗിക്കുന്നത്.
പന്തലിൽ പടർത്തുന്ന പാവൽ പോലുള്ള വിളകൾക്ക് മൂന്നാഴ്ചയ്ക്കകം പന്തൽ പണികളും പൂർത്തിയാക്കേണ്ടതുണ്ട്. ശക്തമായ കാലവർഷത്തിനു മുമ്പായി വള്ളികളിലുള്ള വിളകൾ പന്തലുകളിൽ പടർത്തിയെടുത്തില്ലെങ്കിൽ ഉത്പാദനക്കുറവുണ്ടാകുമെന്ന ആശങ്കയും കർഷകർക്കുണ്ട്. മാർഗനിർദ്ദേശങ്ങളുമായി കൃഷിഭവനുകളും വിഎഫ്പിസികെയും കർഷകർക്കൊപ്പമുണ്ട്.