ആന, കരടി, പുലിക്കു പുറമേ വാനരശല്യവും രൂക്ഷം
1546119
Monday, April 28, 2025 1:16 AM IST
മുതലമട: വന്യമൃഗഭീതിയിൽ ഭയന്നു കഴിയുന്ന ചപ്പക്കാട്ടുകാർക്കു പുതിയ ഭീഷണിയായി വാനരന്മാരും. പ്രദേശത്ത് മാങ്ങയുടെ വിളവെടുപ്പ് നടന്നു വരികയാണ്.
മുന്നും, നാലും അടങ്ങുന്ന വാനരസംഘം മാവിൽകയറി മാങ്ങകൾ പറിച്ചുകളയുന്നത് പതിവായിട്ടുണ്ട്. പറിച്ചമാങ്ങ പഴുത്തിട്ടില്ലെങ്കിൽ അതുതാഴെയിട്ട് മറ്റുള്ളവ പറിക്കും.
വീടുകളിൽ തക്കാളി, പച്ചമുളക് എന്നിവ കായ്ച്ചുതുടങ്ങിയാൽ കുരങ്ങുകൾ നശിപ്പിക്കുന്നതും താമസക്കാർക്കു വിനയാവുന്നുണ്ട്. കുരങ്ങു കടിയേറ്റാൽ ഒരു വർഷത്തോളം ചികിത്സ നടത്തേണ്ടതായി വരുന്നതിനാൽ ഇതിനെ ഓടിക്കാൻ പോലും എല്ലാവർക്കും ഭയമാണ്.
കല്ലോ മറ്റു വസ്തുക്കളൊ ഉപയോഗിച്ച എറിഞ്ഞു ഓടിക്കുന്നതും ഫലപ്രദമാവില്ല. എറിഞ്ഞ കല്ലെടുത്ത് കുരങ്ങ് തിരിച്ചെറിയാറുണ്ടെന്നും പരിസരവാസികൾ പറയുന്നു.
കള്ളു ചെത്തുന്ന തെങ്ങ്, പനകളിൽ കയറി വാനരന്മാർ മൺകലങ്ങൾ പൊട്ടിക്കാറുമുണ്ട്. ചില കുരങ്ങുകളാകട്ടെ മൺകലങ്ങളിലെ കള്ള് അകത്താക്കാറുമുണ്ട്. ആന, കരടി, പുലി എന്നിവയെ ഓടിക്കുന്നതുപോലെ എളുപ്പമല്ല വാനരന്മാരെ തുരത്താനെന്നും നാട്ടുകാർ പറയുന്നു.
കുരങ്ങുകൾ മരശിഖരങ്ങളിൽ കയറിയിരുന്നാൽ പിന്നീട് താഴെയിറങ്ങണമെങ്കിൽ പഴമോ മറ്റു തീറ്റയോ എറിഞ്ഞു കൊടുക്കണം. ചപ്പക്കാട്ടുനിന്നും ഒന്നര കിലോമീറ്റർ മാത്രം ദൂരപരിധിയിലാണ് തെന്മല താഴ്വര. ഇതുകൊണ്ടുതന്നെ പകൽസമയങ്ങളിൽ വനപാലകർ ഓടിച്ചുവിടുന്ന മൃഗങ്ങൾ രാത്രിയിൽ വീണ്ടും ജനവാസകേന്ദ്രങളിൽ തിരിച്ചെത്തുന്നതും പതിവാണ്.