സാമൂഹ്യവിരുദ്ധർ വാഴകൃഷി നശിപ്പിച്ച സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്നു കർഷകസംഘം
1546115
Monday, April 28, 2025 1:16 AM IST
ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കാട്ടുകുളം പൂളക്കൽപറമ്പ് പാടത്ത് മൂന്നുമാസത്തിലേറെ പ്രായമുള്ള നൂറ്റിയന്പതോളം വാഴകൾ സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചതായി പരാതി.
കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ തോട്ടര പുളിക്കാടൻ വീട്ടിൽ മുജീബ് റഹ്്മാന്റെ ഉടമസ്ഥതയിലുള്ള വാഴകൃഷിയാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധർ ഇരുട്ടിന്റെ മറവിൽ വെട്ടിനശിപ്പിച്ചത്.
മുജീബ് റഹ്്മാൻ വർഷങ്ങളായി ഈ സ്ഥലത്ത് വാഴവയ്ക്കുന്നുണ്ട്. പന്നി, പട്ടി ശല്യം മൂലം സ്ഥാപിച്ച സോളാർ വേലിയും നേരത്തെ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരുന്നു. വാഴവയ്ക്കുന്നതിന്റെ തുടക്കത്തിൽ ഹിറ്റാച്ചി ഇറക്കി നിലമൊരുക്കുന്ന സമയത്ത് ചില ആളുകളിൽനിന്ന് തടസംനേരിട്ടിരുന്നു. തുടർന്ന് വാഹനമിറക്കാതെ സ്വന്തം കായിക അധ്വാനത്തിൽ നട്ടുവളർത്തിയ വാഴതൈകൾ ആണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മുജീബ് റഹ്്മാൻശ്രീകൃഷ്ണപുരം പോലീസിൽ പരാതി നൽകിയിരുന്നു. ശ്രീകൃഷ്ണപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു. എന്നാൽ വാഴ വെട്ടിയതുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം തൃപ്തകരമല്ലെന്നു കർഷക സംഘം ഏരിയ സെക്രട്ടറി പി.സുബ്രണ്യൻ പറഞ്ഞു. കർഷകസംഘം നേതാക്കൾ സ്ഥലം സന്ദർശിച്ചു.