അട്ടപ്പാടി സമഗ്രവികസന പദ്ധതി അവതരിപ്പിച്ച് ജില്ലാ വികസനസമിതി യോഗം
1545947
Sunday, April 27, 2025 6:37 AM IST
പാലക്കാട്: അടപ്പാടിയുടെ സമഗ്രവികസനം വികസനം ലക്ഷ്യമാക്കി ആവിഷ്ക്കരിച്ച "തുണൈ' പദ്ധതി ജില്ലാവികസനസമിതിയില്‍ അവതരിപ്പിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നു ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക പറഞ്ഞു.
നെല്ലുസംഭരണവും സംഭരണവില വിതരണവും വേഗത്തിലാക്കി കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെ.ഡി. പ്രസേനന്‍ എംഎല്‍എ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു.
എംഎല്‍എമാരായ കെ. ബാബു, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ പ്രമേയത്തെ പിന്താങ്ങി. ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തണമെന്നു കെ.ഡി. പ്രസേനന്‍ എംഎല്‍എ പറഞ്ഞു.പല്ലശന റോഡ് നവീകരണം 10 ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്കി.
ആലത്തൂര്‍ ദേശീയപാതയിലെ സര്‍വീസ് റോഡ് ടാറിംഗ് പ്രവൃത്തി സമയബന്ധിതമായി പൂര്ത്തികരിക്കാന്വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി.
നെല്ലിയാമ്പതി , പുലയമ്പാറ, നൂറടി, പറമ്പിക്കുളം എന്നിവിടങ്ങളില്‍ പട്ടയമില്ലാതെ താമസിക്കുന്ന കുടുബങ്ങള്‍ക്ക് പട്ടയമനുവദിക്കുന്ന വിഷയത്തില്‍ മേയ് മാസത്തില്‍തന്നെ സര്‍വേ പൂര്‍ത്തിയാക്കണമെന്നു കെ. ബാബു എംഎല്‍എ യോഗത്തില്‍ നിര്‍ദേശിച്ചു.
ലാൻഡ് ബാങ്ക് പദ്ധതിയിലുള്‍പ്പെട്ട പറമ്പിക്കുളം മേഖലയിലെ മുതലമട ചെമ്മണാംപാതയില് പട്ടികവർഗ വിഭാഗക്കാര്‍ക്ക് 26 ഏക്കറോളം ഭൂമി നല്കുന്ന വിഷയത്തില്‍ റിപ്പോര്‍ട്ട് അടുത്ത മാസം നല്‍കണമെന്നും സുന്ദര കോളനിയില്‍ 86 കുടുംബങ്ങള്‍ക്കു പട്ടയംനല്‍കുന്ന പ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുനിസിപ്പാലിറ്റി എന്‍ഒസി നല്‍കാനും എംഎല്‍എ നിര്‍ദേശം നല്കി.
പറമ്പിക്കുളം പിഎച്ച്സിയില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഡോക്ടറേയും ജെപിഎച്ച്എന്‍നേയും നിയമിക്കണമെന്നും മറ്റുജീവനക്കാരേയും കാലതാമസം കൂടാതെ നിയമിക്കുന്നതിനും ജില്ലാ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനു ഉടന്‍ നടപടിയെടുക്കണമെന്നും റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകള്‍ അപകടകരമായ രീതിയില്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉന്നയിച്ച പരാതിയില്‍ അടിയന്തര നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍ടിഒ (എൻഫോഴ്സ്മെന്റ്) യോടു നിര്‍ദേശിച്ചു.
നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനും സ്കൂള്‍ പരിസരങ്ങളില്‍ സൈന്‍ബോര്‍ഡ്, സ്പീഡ് ബ്രേക്കര്‍ എന്നിവ സ്ഥാപിക്കുന്നതിനും സാങ്കേതിക പഠനം നടത്തണമെന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു.
മംഗലം ഗാന്ധി സ്മാരക സ്കൂളിലെ കുട്ടികള്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിന് കാല്‍നടപ്പാലം നിര്‍മിക്കുന്നതിന് ടെൻഡര്‍ നല്‍കിയിട്ടുണ്ടെന്നു പി.പി. സുമോദ് എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി യോഗത്തില്‍ അറിയിച്ചു.പട്ടാമ്പി മണ്ഡലത്തിലെ റവന്യൂ ടവര്‍ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ സൈറ്റില്‍നിന്നും ഉടൻ എടുത്തു മാറ്റണമെന്നു മുഹമ്മദ് മുഹസിന് എംഎല്‍എ കെഎസ്ഇബി ഉദ്യേഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
പൂവാന്ചോലയിലേക്കു പോകുന്ന ഗ്രാമീണ റോഡിലൂടെ ക്വാറിവാഹനങ്ങള് നിരന്തരം കടന്നുപോകുന്നത് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയായതിനാല്‍ ഇതു നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ കെ.ഡി. പ്രസേനന്‍, കെ. ബാബു, പി.പി. സുമോദ്, രാഹുല്‍ മാങ്കൂട്ടത്തില്‍, മുഹമ്മദ് മുഹസിന്, മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി, എഡിഎം കെ. മണികണ്ഠന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇൻചാർജ് രത്നേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.