വേനൽമഴയിൽ മുങ്ങി മുടപ്പല്ലൂർ ടൗൺ
1546410
Tuesday, April 29, 2025 1:55 AM IST
വടക്കഞ്ചേരി: വേനൽമഴയിൽ മുടപ്പല്ലൂർടൗൺ മുങ്ങി. നിരവധി കടകളിൽ വെള്ളംകയറി വലിയ നാശനഷ്ടങ്ങളുണ്ടായി.
ഇന്നലെ വൈകുന്നേരമുണ്ടായ മഴയിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
വർഷങ്ങളായി ടൗണിൽ വെള്ളക്കെട്ട് തുടരുന്നുണ്ട്. മാനത്തു മഴമേഘങ്ങൾ ഉരുണ്ടുകൂടിയാൽ ടൗണിലെ കടകളെല്ലാം അടയ്ക്കേണ്ട സ്ഥിതിയാണിപ്പോൾ.
കടകളിൽ വെള്ളംകയറി ഓരോ മഴസീസണിലും വലിയ നാശനഷ്ടമാണ് കച്ചവടക്കാർക്കുണ്ടാകുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹിയായ പ്രകാശൻ പറഞ്ഞു. ബന്ധപ്പെട്ട അധികാരികൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. അതല്ലെങ്കിൽ സമരപരിപാടികളല്ലാതെ മറ്റു മാർഗങ്ങൾ തങ്ങൾക്കു മുന്നിലില്ലെന്ന് വ്യാപാരികൾ പറഞ്ഞു.
വെള്ളക്കെട്ടു സംബന്ധിച്ച് നിരവധിതവണ പരാതികളും കൂടിക്കാഴ്ചകളും നടത്തിയിട്ടും പ്രശ്നപരിഹാരം നീളുകയാണ്. വെള്ളം സുഗമമായി ഒഴുകിപ്പോകാൻ താഴേക്കു വഴിയൊരുക്കണമെന്നതു മനസിലാക്കാൻ വലിയ അക്കാദമിക് യോഗ്യതയൊന്നും വേണ്ട.
എന്നാൽ പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാരുടെ പടയെത്തി പലതവണ തിരിച്ചുംമറിച്ചും പഠനം നടത്തിയാണ് വെള്ളക്കെട്ട് പരിഹരിക്കാൻ രണ്ടുഘട്ടങ്ങളിലായി അരക്കോടി രൂപ ചെലവഴിച്ച് സംസ്ഥാന പാതക്ക് കുറുകെ കൾവർട്ടും ഡ്രെയ്നേജും നിർമിച്ചത്. എന്നാൽ നാട്ടിലും വിദേശ രാജ്യങ്ങളിലുമെല്ലാം വെള്ളം താഴേക്കുമാത്രമെ ഒഴുകാറുള്ളു എന്ന തിരിച്ചറിവ് വിദഗ്ധസംഘത്തിനുണ്ടായില്ല.
വെള്ളം താഴേക്കൊഴുക്കാൻ വലിയ പൈപ്പ് സ്ഥാപിക്കുകയോ ഡ്രെയ്നേജ് താഴ്ത്തി നിർമിച്ച് സമീപത്തെ പുഴയുമായി ബന്ധിപ്പിക്കുകയോ ചെയ്തില്ല. ഇതിനാൽ മഴപെയ്താൽ കൾവർട്ടും പരിസരവും വെള്ളത്തിൽ മുങ്ങും.
മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാത കടന്നുപോകുന്ന മുടപ്പല്ലൂർ ടൗണിലെ വെള്ളക്കെട്ട് വാഹന യാത്രക്കാരും അപകടങ്ങളിൽപ്പെടാൻ കാരണമാകുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഓളംവെട്ടി കൂടുതൽവെള്ളം കടകളിൽ കയറും. നേരത്തെ പല പറമ്പുകളിലൂടെയാണ് ടൗണിലെ വെള്ളം ഒഴുകിയിരുന്നത്.
ഇവിടെയെല്ലാം മതിലുകളും കെട്ടിടങ്ങളും ഉയർന്നതോടെ വെള്ളംപോകാനുള്ള വഴികളടഞ്ഞു. വേനൽമഴയിൽതന്നെ കടകളിലേക്കു വെള്ളംകയറി വലിയ നാശനഷ്ടമാണ് ഉണ്ടാകുന്നത്.
കടകൾ അടച്ചാലും ഷട്ടറുകൾക്കിടയിലൂടെയും പലകകൾക്കിടയ്ക്കും വെള്ളം കയറി സാധനങ്ങൾ നനഞ്ഞുകുതിരും. ചെളികയറി എവിടേയും ചവിട്ടാൻ കഴിയില്ല. ഇനി തോരാത്ത മഴക്കാലം വരുന്നതോടെ മുടപ്പല്ലൂർ ടൗൺ പൂർണമായും മുങ്ങുന്ന സ്ഥിതിയാകുമെന്നു വ്യാപാരികൾ പറയുന്നു.