വടക്കഞ്ചേരി ടൗണിൽ അനധികൃതനടപടികൾ തകൃതി; കണ്ടില്ലെന്നു നടിച്ച് അധികൃതർ
1546409
Tuesday, April 29, 2025 1:55 AM IST
വടക്കഞ്ചേരി: നിയമങ്ങളും തീരുമാനങ്ങളും കാറ്റിൽപറത്തി വടക്കഞ്ചേരി ടൗണിൽ അനധികൃത നടപടികൾ നടക്കുമ്പോഴും ഒന്നുംകാണാതെ അധികൃതർ.
പാതയോരത്തു കടസ്ഥാപിച്ച് പിന്നീടതു വില്പന നടത്തുന്നതു മുതൽ നടപ്പാത കൈയേറിയുള്ള കച്ചവടങ്ങൾവരെ തകൃതിയാണിപ്പോൾ. രാഷ്ട്രീയ സ്വാധീനങ്ങൾക്കും താത്പര്യങ്ങൾക്കും മുൻഗണന നൽകിയാണ് ടൗണിൽ പലതും നടക്കുന്നത്.
ടൗണിലെ അനധികൃതചെയ്തികൾക്കെതിരേ ഉടൻ നടപടിതുടങ്ങുമെന്ന പുതിയ തീരുമാനമെടുത്തതു നാലുമാസംമുമ്പ് ഡിസംബർ ഒമ്പതിനായിരുന്നു.
അനധികൃത പാർക്കിംഗിനെതിരെ നടപടി കടുപ്പിച്ചപ്പോൾ ഇപ്പോൾ നിയന്ത്രണലൈനുകൾ നോക്കാതെ റോഡിൽതന്നെയാണ് സ്ഥിരമായുള്ള കച്ചവടം നടക്കുന്നത്.
ടൗൺറോഡിൽ ചെറുപുഷ്പം ജംഗ്ഷൻ മുതൽ മന്ദം കവല, സുനിത ജംഗ്ഷൻ, തങ്കം ജംഗ്ഷൻ റോഡ് എല്ലായിടത്തുമുണ്ട് ഇത്തരം അനധികൃത നടപടികൾ. എല്ലാവരും സഹകരിച്ചാലേ വടക്കഞ്ചേരി ടൗണിനെ വൃത്തിയുള്ള നഗരമാക്കാനാകൂവെന്ന് സർവകക്ഷി യോഗത്തിൽ എല്ലാവരും പ്രസംഗിച്ചതു പാഴ്വാക്കായി.
പകൽസമയത്തെ വഴിയോരകച്ചവടം ഒഴിവാക്കും. ടൗൺ റോഡിലെ പച്ച മത്സ്യവില്പന പൂർണമായും നിരോധിക്കും. വഴിയോരകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതു പരിശോധിക്കും.
വഴിയോരങ്ങളിൽ വാഹനങ്ങൾനിർത്തിയിട്ടു കച്ചവടം നടത്തുന്നത് പെർമിറ്റ് ലംഘനമായികണ്ട് നടപടിയെടുക്കും. അങ്ങനെ നിരവധി തീരുമാനങ്ങളാണ് കൈകൊണ്ടത്. പെർമിറ്റില്ലാതെ ടൗണിലോടുന്ന ഓട്ടോറിക്ഷകൾക്കെതിരെയും നടപടിയെടുക്കും.
പക്ഷെ, ഒന്നും ലഷ്യത്തിലെത്തിയില്ല.റോഡിലെ കടകളും സ്ഥിരമായിതന്നെ തുടരുകയാണ്. ഇതൊക്കെ മാറ്റണമെങ്കിൽ നിലവിലെ തീരുമാനങ്ങൾക്കൊന്നുമാകില്ലെന്നാണു ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.