ഹയർസെക്കൻഡറി തുല്യത പരീക്ഷാതീയതികളിൽ ആശയക്കുഴപ്പം: പരാതി അയച്ച് വിദ്യാർഥി
1546121
Monday, April 28, 2025 1:16 AM IST
കൊഴിഞ്ഞാമ്പാറ: സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റിയുടെ കീഴിൽ നടക്കുന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷയുടെ വിജ്ഞാപനത്തിലെ തീയതികളിൽ പിഴവ് സംഭവിച്ചതായി പരാതി.
ഇതു സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നഭ്യർത്ഥിച്ച് എട്ടാംക്ലാസ് പഠിതാവ് കെ. പ്രേംജിത്ത് മുഖ്യമന്ത്രിക്കു നിവേദനം അയച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പരീക്ഷകൾ ജൂലൈ 11 മുതൽ 28 വരെയാണെന്ന് ഒരുഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ, വിജ്ഞാപനത്തിലെ ടൈംടേബിൾ പ്രകാരം മലയാളം/ഹിന്ദി/കന്നഡ വിഷയങ്ങളുടെ പരീക്ഷ ജൂലൈ 10ന് ആരംഭിക്കുമെന്നും കാണുന്നു. ഈ വൈരുദ്ധ്യം വിദ്യാർഥികൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. തുല്യതാ പരീക്ഷയുടെ ശരിയായ ആരംഭ തീയതി ഔദ്യോഗികമായി സ്ഥിരീകരിക്കണമെന്നും, വിജ്ഞാപനത്തിലെ പിഴവ് തിരുത്തി വ്യക്തമായ അറിയിപ്പ് പുറത്തിറക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
നിവേദനത്തിന്റെ പകർപ്പ് പൊതുവിദ്യാഭ്യാസമന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഹയർസെക്കൻഡറി പരീക്ഷാ ബോർഡ് സെക്രട്ടറി, കേരള സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റി ഡയറക്ടർ എന്നിവർക്കും അയച്ചിട്ടുണ്ട്.