മണ്ണാർക്കാട് നഗരത്തിൽ വൈദ്യുതിതടസം: ഉപഭോക്താക്കൾ വലഞ്ഞു
1546412
Tuesday, April 29, 2025 1:55 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് നഗരത്തിൽ ഇന്നലെ വൈദ്യുതി തടസമുണ്ടായതു അന്പതിലേറെ തവണ. പത്തുമിനിറ്റുകൾ ഇടവിട്ട് നിരവധിതവണ ഇന്നലെ വൈദ്യുതി തടസമുണ്ടായി.
നഗരത്തിൽ പൊതുവേ വൈദ്യുതി തടസമുണ്ടാവാറുണ്ടെങ്കിലും ഇത്രയും രൂക്ഷമായ രീതിയിൽ തടസമുണ്ടാകുന്നതു ഇന്നലെയാണ്.
ഇതോടെ നാട്ടുകാർ വലഞ്ഞു. നിരവധി വീടുകളിലെ ഇലക്ട്രിക് ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. വ്യാപാരികളും വൈദ്യുതിയില്ലാതെ വലഞ്ഞു.
വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം ഇന്നലെ നിലച്ച അവസ്ഥയിലായിരുന്നു. പ്രശ്നം പരിഹരിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.110 കെവി മണ്ണാർക്കാട് സബ്സ്റ്റേഷൻ 220 കെവിയാക്കി ഉയർത്തുമെന്നു പ്രഖ്യാപിച്ചിട്ടു പത്തുവർഷം പിന്നിടുന്നു. എന്നാൽ ഇതുവരെ പ്രാവർത്തികമായിട്ടില്ല.
പത്തുവർഷം മുമ്പുള്ളതിനേക്കാൾ 300 ഇരട്ടിയോളം വീടുകളും സ്ഥാപനങ്ങളും മണ്ണാർക്കാട്ട് വർധിച്ചിട്ടുണ്ട്.
ഇത്രയും വീടുകൾക്കും സ്ഥാപനങ്ങൾക്കും വൈദ്യുതി വിതരണം ചെയ്യാൻ കഴിയാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.