സെമികണ്ടക്ടർ പാർക്ക് സ്ഥാപിക്കുന്നതിന് പല്ലടത്ത് 100 ഏക്കർ സ്ഥലം കണ്ടെത്തി
1546418
Tuesday, April 29, 2025 1:55 AM IST
കോയന്പത്തൂർ: സെമികണ്ടക്ടർ പാർക്ക് സ്ഥാപിക്കുന്നതിനായി പല്ലടത്ത് സർക്കാർ സ്ഥലം കണ്ടെത്തി.
2025-26 തമിഴ്നാട് ബജറ്റ് പ്രഖ്യാപനങ്ങളിൽ കോയമ്പത്തൂരിലെ സുലൂരിൽ 100 ഏക്കറിലും തിരുപ്പൂരിലെ പല്ലടത്ത് 100 ഏക്കറിലും സെമികണ്ടക്ടർ നിർമാണ പാർക്കുകൾ സ്ഥാപിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു.
തിരുപ്പൂർ ജില്ലയിലെ പല്ലടം താലൂക്കിലെ കെതനൂർ ഗ്രാമത്തിലാണ് സെമികണ്ടക്ടർ പാർക്ക് സ്ഥാപിക്കുന്നതിനായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ 100 ഏക്കർ സ്ഥലം കണ്ടെത്തിയത്. ഈ സ്ഥലം ടിഎൻഇബിയുടെ കീഴിലാണ്. സംസ്ഥാനത്തിന്റെ സെമികണ്ടക്ടർ നിർമാണ ശേഷി വർധിപ്പിക്കുന്നതിനായി കോയമ്പത്തൂരിലെ സുലൂരിൽ മറ്റൊരു പാർക്കിനായി സമാനമായ ഒരു സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
കോയമ്പത്തൂർ മേഖലയുടെ സാമ്പത്തിക വളർച്ചയെ അടുത്തഘട്ടത്തിലേക്ക് നയിക്കാൻ അമേരിക്ക, സിംഗപ്പൂർ, മലേഷ്യ, തായ്വാൻ എന്നീ രാജ്യങ്ങളിലെ കമ്പനികളുമായി സഹകരിച്ച് വ്യവസായ പാർക്കുകൾ വികസിപ്പിക്കുമെന്ന് ധനമന്ത്രി തങ്കം തേനരശു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.