തകർച്ച നേരിടുന്ന ആട്ടുപ്പട്ടി കനാൽ പുനർനിർമിക്കണം
1546415
Tuesday, April 29, 2025 1:55 AM IST
ചിറ്റൂർ: അപ്പുപ്പിള്ളയൂർ പ്രദേശം വഴിയുള്ള ആട്ടുപ്പട്ടി കനാൽ ഉപയോഗപ്രദമാക്കണമെന്ന ആവശ്യം ശക്തം. കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡ് ഭാഗത്ത്നിന്നും രണ്ടര കിലോമീറ്റർ ദൈർഘ്യത്തിലാണ് നിർദിഷ്ട കനാൽഒട്ടൻകുളത്ത് എത്തുന്നത്. കനാലിന്റെ സംരക്ഷണഭിത്തികൾ മിക്കസ്ഥലങ്ങളിലും തകർന്ന് ജലസഞ്ചാരപാത മണ്ണുമൂടിയ നിലയിലാണുള്ളത്.
കനാലിൽ ജലം ഒഴുകിപോകാത്തതിനാൽ കൃഷിയിടങ്ങളിൽ മഴസമയങ്ങളിൽ മുങ്ങുന്നത് പതിവാണ്. രാസവളപ്രയോഗവും കൃഷി അനുബന്ധജോലികളും പൂർത്തിയാക്കാൻ കാലതാമസമുണ്ടാവുന്നുമുണ്ട്. കൊയ്ത്തുയന്ത്രം, ട്രാക്ടർ എന്നിവ കടന്നുപോകുംവിധം കനാൽപ്പാലങ്ങളും നവീകരിക്കണം. കൃഷിഭവൻ അധികൃതർ വിഷയത്തിൽ കാലോചിതനടപടികൾ സ്വീകരിക്കണമെന്നാണ് പാടശേഖര സമിതിയംഗങ്ങളുടെ ആവശ്യം.