ചിറ്റൂരിൽ ജലസംഭരണികൾ വരണ്ടുതുടങ്ങി; കാർഷികമേഖല പ്രതിസന്ധിയിൽ
1546413
Tuesday, April 29, 2025 1:55 AM IST
ചിറ്റൂർ: വേനൽ അതിശക്തമായതോടെ കുളം, കൊക്കർണി, കിണറുകളിൽ ജലനിരപ്പ് കുത്തനെ താഴ്ന്നതിനാൽ ജലക്ഷാമം രൂക്ഷമായി. കുളിക്കാനും വസ്ത്രശുചീകരണത്തിനും നാൽക്കാലികൾക്ക് കുടിവെള്ളത്തിനും കുളം പോലുള്ള ജലസംഭരണികളിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. വേനൽമഴ ജില്ലയിൽ പല സ്ഥലങ്ങളിലും ലഭിച്ചെങ്കിലും ചിറ്റൂരിൽ വളരെ കുറവായിരുന്നു.
വീട്ടുകിണറുകളിൽ ജലനിരപ്പ് കുത്തനെ താഴ്ന്നനിലയിലാണുള്ളത്. ജലജീവൻ മിഷൻ പദ്ധതിവഴി വീടുകൾക്കു വെള്ളമെത്തുന്നുണ്ടെങ്കിലും ഇതു ഉപഭോക്താവിനു പൂർണതോതിൽ ഉപയോഗിക്കാൻ മതിയാവില്ല. കുഴൽകിണറുകളിലും വെള്ളത്തിന്റെ ലഭ്യത കുറഞ്ഞുവരികയാണ്.
വേനൽമഴ ലഭിച്ചില്ലെങ്കിൽ മേയിൽ കുടിവെള്ളവിതരണവും നിയന്ത്രിക്കേണ്ട അവസ്ഥയിലാണുള്ളത്.
മൂലത്തറ ഇടത് വലതു കനാലുകളിലും ചിറ്റൂർപുഴയിലും വെള്ളമിറക്കി ജലസംഭരണികൾ നിറക്കാൻ ജലസേചനവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ജനകീയാവശ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പാതകൾക്കരികിൽ ബസ് കാത്തിരിപ്പ്കേന്ദ്രങ്ങളിൽ കുടിവെള്ളം എത്തിക്കാൻ നടപടി എടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
മാർച്ചിൽ അനുഭവപ്പെട്ട കൊടുംചൂടിനു സമാനമായി നിലവിൽ അന്തരീക്ഷ ഊഷ്മാവ് കൂടി വരികയാണ്. തെങ്ങിൻതോപ്പുകളിൽ ഓലകൾ ഉണങ്ങിക്കരിഞ്ഞുവരികയാണ്.
ഓരോവർഷം കഴിയുമ്പോഴും വേനൽസമയങ്ങളിൽ കൂടിയതോതിൽ തെങ്ങ് ഉണങ്ങി നശിക്കുകയാണ്. നിലവിൽ ചിറ്റൂർ താലൂക്ക് മഴ നിഴൽ പ്രദേശമായി മാറിവരികയാണ്.
വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, മുതലമട പഞ്ചായത്ത് പ്രദേശങ്ങളാണ് കൊടുംവരൾച്ച നേരിടുന്നത്.
കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ച ജലജീവൻ മിഷൻ പദ്ധതി കാരണം വീടുകളിൽ കുടിവെള്ളമെത്തുന്നുണ്ടെങ്കിലും കാർഷികമേഖല കൊടുംവരൾച്ച നേരിടുകയാണ്.