ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ശീതികരിച്ച കാത്തിരിപ്പുമുറി തുറന്നു
1546414
Tuesday, April 29, 2025 1:55 AM IST
ഒറ്റപ്പാലം: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കായി നിർമിച്ച ശീതീകരിച്ച കാത്തിരിപ്പുമുറി പ്രവർത്തനം തുടങ്ങി.
അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തിയാണ് റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിന്റെ ഭാഗമായി ശീതീകരിച്ച മുറിയൊരുക്കിയത്. സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലാണ് പുതിയ മുറി യാത്രക്കാർക്കായി തുറന്നത്.
സോഫയുൾപ്പെടെ 30 പേർക്ക് ഇരിക്കാവുന്ന സൗകര്യങ്ങളാണുള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ശൗചാലയ സൗകര്യങ്ങളുമുണ്ട്.
ഇതിന് പുറമേ സൗജന്യ വൈഫൈ ഇന്റർനെറ്റ്, മൊബൈൽ ചാർജിംഗ്, ടിവി ഉൾപ്പെടെയും ഒരുക്കിയിട്ടുണ്ട്. ദിനപത്രങ്ങൾ, ആഴ്ചപ്പതിപ്പുകൾ എന്നിവയടങ്ങിയ ചെറിയ വായനശാലയുമുണ്ട്.
ഒരാൾക്ക് മണിക്കൂറിന് 30 രൂപയാണ് ഫീസ്. ഏത് വിഭാഗം കമ്പാർട്ട്മെന്റിൽ യാത്രചെയ്യാനിരിക്കുന്നവർക്കും ഈ സൗകര്യങ്ങൾ ഉപയോഗിക്കാം. മുറിയുടെ പരിപാലനം കരാറുകാരെ ഏൽപ്പിച്ചിരിക്കുകയാണ്.
നേരത്തെ ഷൊർണൂർ സ്റ്റേഷനിലും ശീതീകരിച്ച കാത്തിരിപ്പുമുറി തുറന്നിരുന്നു.
റെയിൽവേ സ്റ്റേഷനിൽ പുതിയ ടിക്കറ്റ് കൗണ്ടറും പ്രവർത്തനം തുടങ്ങി. ടിക്കറ്റിനായി വരിനിൽക്കേണ്ട സ്ഥലം ടൈൽസ് വിരിച്ചും കൗണ്ടറുകൾക്ക് ഗ്ലാസ് ഭിത്തിനൽകിയും ഭംഗിയാക്കിയിട്ടുണ്ട്.
ഇതിനൊപ്പം വരാനിരിക്കുന്ന ട്രെയിനുകളുടെ വിവരങ്ങളറിയാൻ ഡിജിറ്റൽ സ്ക്രീനുകളും സ്ഥാപിച്ചു.