നഗരസഭാ ചെയർപേഴ്സൺ- സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊന്പുകോർക്കൽ
1545945
Sunday, April 27, 2025 6:37 AM IST
തത്തമംഗലം: പുഴപ്പാലത്തു കക്കൂസ്മാലിന്യപ്ലാന്റ് നിർമാണത്തിനു സോയിൽടെസ്റ്റ് നടത്താൻ ചിറ്റൂർ -തത്തമംഗലം നഗരസഭാ ജീവനക്കാർ ചെയർപേഴ്സൺ കെ.എൽ. കവിതയുടെ നേതൃത്വത്തിലെത്തിയതു ജനകീയകൂട്ടായ്മ പ്രവർത്തകർ തടഞ്ഞു.
ഇന്നലെ രാവിലെ പതിനൊന്നിനാണ് സോയിൽ ടെസ്റ്റ് നടത്താൻ സംഘമെത്തിയത്. പ്ലാന്റ് നിർമിക്കുന്നതിനെതിരേ ബംഗ്ലാപറന്പ് സ്വദേശികളായ നാട്ടുകാർ ജനകീയ കൂട്ടായ്മ രൂപീകരിച്ചു സമരരംഗത്തുണ്ട്.
ഇതിനിടെയാണ് കനത്ത പോലീസ് സന്നാഹത്തോടെ നഗരസഭാ ജീവനക്കാർ എത്തിയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി സനലാണ് ജനകീയകൂട്ടായ്മ കൺവീനർ.
പുഴപ്പാലത്തെ മാലിന്യസംസ്കരണപ്ലാന്റ് നിർമാണം തടയുമെന്നു പ്രഖ്യാപിച്ച് സനൽ രംഗത്തെത്തിയതോടെ ചെയർപേഴ്സണും ശക്തമായി പ്രതികരിച്ചെത്തി. താൻ ചെയർപേഴ്സൺ സീറ്റിലിരിക്കുന്ന കാലത്തോളം പ്ലാന്റ് നിർമാണവുമായി മുന്നോട്ടുപോവുമെന്നു കെ.എൽ. കവിത സനലിനോടു പരസ്യമായി വെല്ലുവിളിയുയർത്തി.
സിപിഎം ബ്രാഞ്ച് സെക്രട്ടറി സനലും വിഷയത്തിൽ ഉറച്ചുനിന്നതോടെ പ്രശ്നം സങ്കീർണമായി. തുടർന്ന് ചെയർപേഴ്സൺ താൻ രാജിവയ്ക്കുകയാണെന്നു സ്ഥലത്തുണ്ടായിരുന്ന നഗരസഭാ സെക്രട്ടറിയെ കെ.എൽ. കവിത അറിയിച്ചു. തുടർന്ന് മണ്ണുപരിശോധന തടയാനെത്തിയ ജനകീയകൂട്ടായ്മ ചെയർമാൻ എം. രതീഷ് ബാബു, കൺവീനർ സനൽ, നിഷാദ്, സജിത്ത്, ഷിജിൻ, മുരുകൻ എന്നിവരെ ചിറ്റൂർ പോലിസ് അറസ്റ്റുചെയ്തു.
സിപിഎം ഭരിക്കുന്ന നഗരസഭയുടെ ചെയർപേഴ്സൺ കെ.എൽ. കവിതയും, സിപിഎം ബ്രാഞ്ച് സെക്രട്ടറി സനലും നേർക്കുനേർ രംഗത്തെത്തിയതോടെ മാലിന്യപ്ലാന്റ് വിഷയം വരുംദിവസങ്ങളിലും കൂടുതൽ ചർച്ചയാകും. നേരത്തേ യുഡിഎഫ്- നഗരസഭ എന്ന നിലയ്ക്കായിരുന്നു വിഷയം ചർച്ചചെയ്യപ്പെട്ടത്.
മണ്ണുപരിശോധനയ്ക്കെതിരേ ആദ്യം രംഗത്തുവന്നതും കോൺഗ്രസായിരുന്നു. ജില്ലാ കളക്ടർ നേരിട്ടെത്തിയാണ് കഴിഞ്ഞദിവസം സോയിൽടെസ്റ്റിനു അനുവാദം നൽകിയത്.
ഈ വിവാദം നിലനിൽക്കുന്നതിനിടെയാണ് ചെയർപേഴ്സൺ - സിപിഎം ബ്രാഞ്ച് സെക്രട്ടറി വിവാദം പൊട്ടിപ്പുറപ്പെട്ടത്.
നഗരസഭാ ചെയർപേഴ്സൻ ഏകപക്ഷീയമായി രാജിപ്രഖ്യാപനം നടത്തിയതു പാർട്ടിനേതൃത്വം ഗൗരവമായി നിരീക്ഷിച്ചുവരികയാണ്.