കൊയ്ത്തുകഴിഞ്ഞ് മാസങ്ങളായിട്ടും നെല്ലുസംഭരണം പൂർത്തിയായില്ല
1546407
Tuesday, April 29, 2025 1:55 AM IST
നെന്മാറ: രണ്ടാംവിള കൊയ്ത്തുകഴിഞ്ഞു മാസങ്ങൾപിന്നിട്ടിട്ടും നെല്ലുസംഭരണം പൂർത്തിയായില്ലെന്ന് കർഷകരുടെ പരാതി.
നെല്ലിന്റെ പ്രാഥമിക പരിശോധന സ്ലിപ്പ് (മഞ്ഞ ചീട്ട്) കൃഷി വിസ്തീർണം, ഇനം, ചാക്കിന്റെഎണ്ണം, തൂക്കം, മില്ലിന്റെ പേര് എന്നിവ രേഖപ്പെടുത്തിയ സപ്ലൈകോയുടെ സ്ലിപ്പ് ലഭിച്ചിട്ടു ഒരു മാസത്തോളമായി.
വിവിധ പാടശേഖരങ്ങളിൽനിന്ന് മില്ലിന്റെ ഏജന്റുമാർ പൂർണമായും നെല്ലു സംഭരിച്ചിട്ടില്ല. നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ നെല്ലുസംഭരണമാണ് പൂർത്തിയാവാത്തത്.
ഒറവഞ്ചിറ, അടിപ്പെരണ്ട, പയ്യാങ്കോട് തുടങ്ങി വിവിധ പാടശേഖരസമിതികളിൽ ഭാഗികമായി സംഭരിച്ച് ശേഷിക്കുന്ന നെല്ല് കെട്ടിക്കിടക്കുകയാണ്. ജില്ലാ കളക്ടറേറ്റ്, സപ്ലൈകോ ജില്ലാ ഓഫീസ് തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ കർഷകർ സമരം നടത്തിയിട്ടും സംഭരണത്തിനു വേഗതവന്നില്ലെന്നു കർഷകനായ ശിവദാസ് പെരുമാങ്കോട് പറഞ്ഞു.
സപ്ലൈകോ സ്ലിപ്പിൽ പത്തുദിവസത്തെ കാലാവധി രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഒരുമാസമായിട്ടും നെല്ലു സംഭരിച്ചിട്ടില്ല. മിക്ക സമിതികളിലെയും ഭാഗികമായാണ് നെല്ല് സംഭരിച്ചിട്ടുള്ളതെന്നു കർഷകരായ എം. അബ്ബാസ്, കറുപ്പസ്വാമി എന്നിവർ പറഞ്ഞു.
ഓരോ സമിതികളിലെയും നെല്ലുസംഭരണം പൂർത്തിയാക്കി പാഡി മാർക്കറ്റിംഗ് ഓഫീസർക്ക് സമിതി ഭാരവാഹികൾ കർഷകരുടെ പേരും രജിസ്ട്രേഷൻ നമ്പറും അടങ്ങിയ ലിസ്റ്റ് നൽകിയാൽ മാത്രമേ സപ്ലൈകോ പിആർഎസ് നൽകുകയുള്ളൂ. പിആർഎസ് ലഭിച്ചാലും ലോൺ ആയി കർഷകർക്ക് നെല്ലുവില ലഭിക്കണമെങ്കിൽ പിന്നെയും ഒരുമാസത്തിലേറെ വൈകും. മില്ലുടമകളുടെ മെല്ലെപ്പോക്കുനയംമൂലം നെൽ കർഷകരാണ് ബുദ്ധിമുട്ടിലാവുന്നത്.
ഗ്രാമീണ മേഖലയിൽ നെല്ലെടുക്കാൻ കുറഞ്ഞതു 200 ചാക്കെങ്കിലും ലോറിയിൽ കയറ്റാൻ കഴിയണമെന്നും ലോറികൾക്കു ക്ഷാമമുണ്ടെന്ന വിചിത്രവാദമാണ് ഏജന്റുമാർ നിരത്തുന്നത്.
ഇരുനൂറിൽ കൂടുതൽചാക്ക് നെല്ലുള്ള കർഷകരുടെ നെല്ല് ഭാഗികമായികടത്തി ദിവസങ്ങളായിട്ടും ശേഷിക്കുന്ന നെല്ല് മില്ലിന്റെ പ്രതിനിധികൾ കൊണ്ടുപോയിട്ടില്ല.
വീട്ടിലും പരിസരത്തും പ്ലാസ്റ്റിക് ഷീറ്റുകളും ടാർപ്പായയും ഉപയോഗിച്ച് മഴ നനയാതെ സൂക്ഷിക്കുകയാണ് കർഷകർ.
വേല, വിഷു, ഈസ്റ്റർ തുടങ്ങി വിവിധ കാരണങ്ങൾ നിരത്തി ആഴ്ചകൾ വൈകിപ്പിച്ച ശേഷമാണ് ഇപ്പോൾ വാഹനക്ഷാമം പറഞ്ഞ് സംഭരണം വൈകിപ്പിക്കുന്നത്.
നെല്ലുസംഭരണം വൈകിപ്പിക്കുന്ന മില്ലുകൾക്കും ഏജന്റുമാർക്കുമെതിരെ സപ്ലൈകോ നടപടി സ്വീകരിക്കമെന്നാണ് കർഷകരുടെ ആവശ്യം.